കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനമില്ലെങ്കില്‍ ട്രിപ്പ് റദ്ദാക്കും; കെ.എസ്.ആര്‍.ടി.സി.


കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കാന്‍ കെ.എസ്.ആര്‍.ടി.സി. വരുമാനം വര്‍ധിപ്പിക്കുക, അനാവശ്യച്ചെലവ് കുറയ്ക്കുക എന്ന പുതിയ നയത്തിന്റെ ഭാഗമായാണ് തീരുമാനം. ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനും യൂണിറ്റ് മേധാവികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. നടത്തിക്കൊണ്ടുപോകാനുള്ള ചെലവ് ലഭിക്കാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും പുനഃക്രമീകരിച്ച് സര്‍വീസ് നടത്തണം. എന്നിട്ടും നിശ്ചിത വരുമാനം ലഭിച്ചില്ലെങ്കില്‍ അത് റദ്ദാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കിലോമീറ്ററിന് എഴുപതു രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്ന അഡീഷണല്‍ സര്‍വീസുകളോ ട്രിപ്പുകളോ നടത്തുന്നതിന് യൂണിറ്റ് മേധാവികള്‍ക്ക് അനുമതിയുണ്ടാകും. തീരെ വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ നടത്തിയാല്‍ അതിന് ഉത്തരവാദിയായവര്‍ കാരണം ബോധിപ്പിക്കേണ്ടിവരും.

യൂണിറ്റുകളിലെ അംഗീകൃത തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെയും വിവിധ വിഭാഗം മേധാവികളുടെയും യോഗം ചേര്‍ന്ന് അവരുടെ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി ചീഫ് ഓഫീസിലേക്ക് അയയ്ക്കണം. കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗം ജീവനക്കാരുടെയും ബസിന്റെയും കുറവുണ്ടെങ്കില്‍ അതും അറിയിക്കണം.

ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിന്‍റെ ഭാഗമായി ബസ് സ്റ്റേഷനുകളില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഒരുക്കണം.പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Read Previous

വീട്ടുമുറ്റത്തെ ‘അത്ഭുതം’; കിണറ്റിൽ വെള്ളം പൊടുന്നനെ നിറഞ്ഞുകവിഞ്ഞു; പത്തുമിനിറ്റിനുള്ളിൽ ജലനിരപ്പ് താഴ്ന്നു

Read Next

മണ്ണെണ്ണ വിതരണം ഇനിമുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻകടകൾ വഴി മാത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »