അനധികൃത കുടിയേറ്റം: 18000 ഇന്ത്യക്കാർ അമേരിക്ക വിടണം; പൗരന്മാരെ തിരിച്ചെത്തിക്കാൻ തയാറെന്ന് ഇന്ത്യ


ന്യൂഡല്‍ഹി : അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിയമവിരുദ്ധമായി കഴിയുന്ന ഇന്ത്യ ക്കാരെ തിരിച്ചെത്തിക്കാന്‍ രാജ്യം സജ്ജമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ട്രംപ് അമേരിക്കയില്‍ അധികാരത്തിലെത്തിയതിന് ശേഷം ഇന്ത്യന്‍ പ്രതിനിധിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്‌ചയില്‍ നിയമവിരുദ്ധ കുടിയേറ്റ വിഷയം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

മതിയായ രേഖകളില്ലാതെ 18000 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ യുഎസില്‍ ഉണ്ടെന്നും അവരെ തിരിച്ചയ ക്കേണ്ടി വരുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ ഈ ആവശ്യം വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചിരിക്കുകയാണ്. ബ്ലൂംബെർഗിന്‍റെ റിപ്പോർട്ട് പ്രകാരം, യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നതായി ആരോപിക്കപ്പെടുന്ന 18,000 ഇന്ത്യക്കാരിൽ ഭൂരിഭാഗവും പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ്.

2023ല്‍ പുറത്തുവന്ന യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം, 2022ല്‍ 2.2 ലക്ഷം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ യുഎസില്‍ താമസിച്ചിരുന്നു എന്നാണ് കണക്ക്. അമേരിക്കന്‍ പ്രസിഡന്‍റ് തന്‍റെ ആദ്യദിനത്തില്‍ തന്നെ രാജ്യത്തെ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ട്രംപിന്‍റെ പ്രചാരണത്തിലെ മുഖ്യ ആകര്‍ഷണം തന്നെ പ്രസ്‌തുത വിഷയമായിരുന്നു. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനും യുഎസ്-മെക്‌സിക്കോ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്.

നിയമവിരുദ്ധ കുടിയേറ്റ പ്രശ്‌നം ഇന്ത്യ അംഗീകരിച്ചു, ഈ വിഷയത്തിൽ രാജ്യത്തിന്‍റെ നിലപാട് മാറ്റമില്ലാത്തതും ധാര്‍മികപരവുമാണ് എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അദ്ദേഹം അറിയിക്കുകയും ചെയ്‌തു.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസിന്‍റെ ക്ഷണപ്രകാരം വാഷിങ്‌ടൺ ഡിസിയിൽ എത്തിയപ്പോള്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘നിയമപരമല്ലാതെ ഇവിടെ കഴിയുന്ന ഞങ്ങളുടെ പൗരന്മാര്‍ ഉണ്ടെങ്കിൽ, അവർ ഞങ്ങളുടെ പൗരന്മാരാണെന്ന് ഞങ്ങൾക്ക് ഉറപ്പായാല്‍, ഇന്ത്യയിലേക്ക് അവരെ നിയമാനുസൃതമായി തിരിച്ചെത്തിക്കാന്‍ ഞങ്ങള്‍ എപ്പോഴും പ്രവര്‍ത്തിക്കും’ -അദ്ദേഹം പറഞ്ഞു.


Read Previous

അല്‍പം പോലും കുറ്റബോധമില്ല’, ജയിലില്‍ ഗ്രീഷ്മയ്ക്ക് കൂട്ട് മൂന്ന് കൊലപ്പുള്ളികളും പോക്സോ കേസ് പ്രതിയും; പ്രധാന ഹോബി ചിത്രര​ചന

Read Next

മുൻപ്രവാസികൾക്ക് ദാറുൽ ഖൈർ നിർമ്മിച്ചു നൽകി ഐ സി എഫ് റിയാദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »