കുവൈത്ത് സിറ്റി : കുവൈത്തിൽ സെവൻത് റിംഗ് റോഡിൽ ഇന്ന് കാലത്തുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ 7 പേരെ തിരിച്ചറിഞ്ഞു. 5 ഇന്ത്യക്കാരും 2 ബംഗ്ലാദേശികൾക്കുമാണ് ജീവ ഹാനി സംഭവിച്ചത്.

പഞ്ചാബ് സൗദേശികളായ , വിക്രം സിംഗ്, ദേവീന്ദർ സിംഗ്, ബക്കർ സിംഗ്,ബീഹാരി ലാൽ എന്നിവരും രാജ് കുമാർ കൃഷ്ണ സാമി എന്ന തമിഴ് നാട് സ്വദേശിയുമാണ് മരിച്ച ഇന്ത്യക്കാർ.അപകടത്തിൽ പരിക്കേറ്റ മലയാളികളായ സുരേന്ദ്രൻ,ബിനു മനോഹരൻ എന്നിവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
സ്വകാര്യ കരാർ കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ഇവർ ഇന്ന് കാലത്ത് ജോലി കഴിഞ്ഞു തിരികെ താമസ സ്ഥലത്തേക്ക് പോകവേ അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള സെവൻത് റിംഗ് റോഡിലെ ബൈപാസ് പാലത്തിൽ വെച്ച് പിന്നിൽ നിന്നും വന്ന വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത് .
ഇതെതുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാലത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായി തകർന്നു. അഗ്നി ശമന, രക്ഷാ വിഭാഗം എത്തി വാഹനം വെട്ടിപൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്