
മുംബൈ: രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതി കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. സൂര്യകാന്തി എണ്ണയുടെയും സോയാ എണ്ണയുടെയും ഇറക്കുമതിയിലുണ്ടായ ഇടിവാണ് കാരണം. എന്നാൽ പാം ഓയിലിൻ്റെ ഇറക്കുമതിയിലുണ്ടായ ഇടിവിന് പുരോഗതിയുണ്ട്. 14 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു പാം ഓയിൽ ഇറക്കുമതി ഉണ്ടായിരുന്നത്.
ഇറക്കുമതി കുറഞ്ഞതോടെ ഇന്ത്യയിലെ നിലവിലുള്ള സ്റ്റോക്കിൽ വലിയ കുറവ് വന്നിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ ഇന്ത്യക്ക ഇറക്കുമതി കൂട്ടേണ്ടി വന്നേക്കും. ഭക്ഷ്യ എണ്ണ ആവശ്യകതയുടെ 58 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. പാം ഓയിലിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവും സസ്യ എണ്ണകളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരുമാണ് ഇന്ത്യ. ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പാമോയിൽ വാങ്ങുന്നത്, അർജൻറീന, ബ്രസീൽ, റഷ്യ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്ന് സോയ ഓയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു.
വ്യാപാരികളുടെ കണക്കുകൾ അനുസരിച്ച് 2011 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് രാജ്യത്തെ പാം ഓയിൽ ഇറക്കുമതി ഇടിഞ്ഞതിന് ശേഷം, ഫെബ്രുവരിയിൽ മുൻ മാസത്തേക്കാൾ 36% ഉയർന്ന് ഇറക്കുമതി 374,000 മെട്രിക് ടണ്ണായി. ഇന്ത്യ പ്രതിമാസം ശരാശരി 750,000 ടണ്ണിലധികം പാം ഓയിൽ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് സോൾവന്റ് എക്സ്ട്രാക്റ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നു. അതേസമയം, സൂര്യകാന്തി എണ്ണ ഇറക്കുമതി 22% കുറഞ്ഞ് 226,000 മെട്രിക് ടണ്ണായി, അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്നാണ് വ്യാപാരികളുടെ അഭിപ്രായം.
വിലയിലെ വർദ്ധനവും പ്രാദേശിക ഭക്ഷ്യ എണ്ണകളുടെ ഉയർന്ന വിതരണവും ഫെബ്രുവരിയിൽ ഇറക്കുമതി കുറയ്ക്കാൻ വ്യാപാരികളെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നാണ്.