
ജിദ്ദ∙ സൗദി അറേബ്യ അമ്പരപ്പിക്കുന്ന മാറ്റങ്ങളുടെ വാതായനങ്ങൾ തുറന്നു ലോകശ്രദ്ധ നേടി മുന്നേറുന്ന കാലത്തെ വനിതാ ദിനത്തിൽ തിളങ്ങി വനിതാ കായികരംഗം. വലിയ ഉണർവ്വിനും ഒട്ടേറെ നേട്ടങ്ങൾക്കും വനിതാ കായികമേഖല സാക്ഷ്യം വഹിക്കുന്ന കാലമാണിത്.
ഭരണാധികാരികളുടെ പിന്തുണയോടെ രാജ്യത്തെ വനിതകൾക്ക് സ്പോർട്സ് പരിശീലിക്കാനും പങ്കെടുക്കാനും സ്വാതന്ത്ര്യമുണ്ടായതോടെ ഇൗ രംഗത്ത് മികച്ച മുന്നേറ്റമാണ് രാജ്യത്തിനുണ്ടായത് . വിഷൻ 2030-ന്റെ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിൻറെ ഭാഗമായി നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളുടെ ഫലമായി വനിതാ കായിക ഫെഡറേഷനുകളും ദേശീയ ടീമുകളും അഭിവൃദ്ധി പ്രാപിച്ചു.
സൗദിയിൽ കായികരംഗത്ത് കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നത് ലക്ഷ്യമിട്ട് നടപ്പാക്കിയ സമീപകാല പരിഷ്‌കാരങ്ങൾ വനിതാ കായികരംഗത്തിനും രാജ്യത്തിനും വലിയ നേട്ടങ്ങൾ കൈവരിക്കാനാവുന്ന വിധം പ്രാപ്തമായി. ചരിത്രത്തിലാദ്യമായി സൗദി യുവതികൾ ഫുട്‌ബോൾ, തായ്‌ക്വോണ്ടോ, ബോക്‌സിങ്, മോട്ടോർ കാർ റേസിങ്, ടെന്നീസ്, ഫെൻസിങ്, ഗോൾഫ് എന്നിവയിലും മറ്റും വിവിധ തല മൽസരങ്ങളിൽ പങ്കെടുക്കുന്നു. ടീം ഇനങ്ങളിൽ മാത്രമല്ല വ്യക്തിഗത ഇനങ്ങളിലും കഴിവും പ്രതിഭയും തെളിയിച്ച് ഉജ്വല വിജയം നേടി തന്റേതായ സ്ഥാനം സൗദിയുടെ വനിതാ കായികഭൂപടത്തിൽ അടയാളപ്പെടുത്തിയ നിരവധി താരങ്ങളും ഇക്കാലയളവിൽ ഉണ്ടായിക്കഴിഞ്ഞു.
സൗദി വനിത കായിക താരങ്ങൾ പ്രാദേശിക, രാജ്യാന്തര ഇനങ്ങളിൽ നൂറോളം മെഡലുകൾ നേടി മികവ് കാണിച്ചുകഴിഞ്ഞു. 2015 മുതൽ, നിരവധി സൗദി വനിതകൾ പ്രാദേശിക, രാജ്യാന്തര ടൂർണമെന്റുകളിൽ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നു. തങ്ങളുടെ കഴിവും കായിക അഭിനിവേശവും പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന മറ്റ് വനിതകൾക്ക് മാതൃകയാവുന്ന തരത്തിൽ നേട്ടം കൈവരിച്ച വനിതാ കായികതാരങ്ങളിൽ വനിതാ ബോക്സർ റാഷ അൽ ഖാമിസ്, മഷേൽ അൽ ഒബൈദാൻ, അനൗദ് അൽ അസ്മരി, ലുബ്ന അൽ ഒമൈർ, ദൽമ മൽഹാസ്, ഫറാ ജെഫ്രി,യാര അൽഹോഗ്ബാനി,റഗദ് അൽ നൈമി എന്നിവരടങ്ങുന്ന നിരയുണ്ട് നിലവിൽ.
സൗദിയിലെ ആദ്യത്തെ അംഗീകൃത വനിതാ ബോക്സറാണ് റാഷ അൽ ഖാമിസ്. സതേൺ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോഴാണ് റാഷ ബോക്സിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ, സൗദി ബോക്സിങ് ഫെഡറേഷന്റെ പ്രസിഡന്റുമായി കൂടികാഴ്ചയ്ക്ക റാഷയ്ക്ക് അവസരം ലഭിച്ചു. കായികരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ വിശദീകരിച്ചു. സൗദി ബോക്സിങ് ഫെഡറേഷനിൽ അംഗമായി.
സൗദിയിൽ റാലി ലൈസൻസ് നേടുന്ന ആദ്യ വനിതയാണ് മഷേൽ അൽ ഒബൈദാൻ. ചെറുപ്പത്തിൽ മരുഭൂമിയിൽ ഡെസേർട്ട് ബൈക്കുകളും ക്വാഡുകളും ഓടിക്കുന്ന മോട്ടോർ സ്‌പോർട്‌സിന്റെ അഭിനിവേശവും ചെറുപ്പത്തിൽ തന്നെ അവൾ തിരിച്ചറിഞ്ഞിരുന്നു, പ്രശസ്തമായ ഡാക്കാർ റാലിയിൽ പങ്കെടുത്തിട്ടുണ്ട്. അനൗദ് അൽ അസ്മരി സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ ഫുട്ബോൾ റഫറിയും ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷനിൽ നിന്ന് രാജ്യാന്തര റഫറി ബാഡ്ജ് സ്വീകരിക്കുന്ന ആദ്യത്തെ സൗദി വനിതയുമാണ്.
ലുബ്ന അൽ ഒമൈർ ഒളിംപിക്‌സ് ഫെൻസർ ആകുന്ന ആദ്യ സൗദി വനിതയും രാജ്യത്ത് ആദ്യമായി ഫെൻസിങ്ങിൽ വനിതകളെ പരിശീലിപ്പിക്കുന്ന ദഹ്‌റാൻ ഫെൻസിങ് ക്ലബ് സ്ഥാപകയുമാണ്. സൗദി അറേബ്യൻ ഷോജംപറാണ് ദൽമ മൽഹാസ്. 2010ൽ സിംഗപ്പൂരിൽ നടന്ന യൂത്ത് ഒളിംപിക് ഗെയിംസിൽ വ്യക്തിഗത ഇക്വസ്‌ട്രിയൻ ജംപിങ് മത്സരത്തിൽ പങ്കെടുക്കുന്ന ആ കായിക ഇനത്തിൽ നിന്നുമുള്ള ആദ്യത്തെ സൗദി അറേബ്യൻ വനിതാ താരമായി. 2011-ൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ക്രിയേറ്റീവ് സ്‌പോർട്‌സ് അവാർഡ് നേടി.
അഡിഡാസ് സൈൻ അപ്പ് ചെയ്യുന്ന ആദ്യത്തെ സൗദി കായികതാരമായി മാറിയിരിക്കുകയാണ് ജിദ്ദ ഈഗിൾസിന്റെ മിഡ്ഫീൽഡറായി കളിക്കുന്ന 18 വയസ്സുകാരി ഫുട്ബോൾ താരം ഫറാ ജെഫ്രി. സൌദിയിലെ ആദ്യത്തെ വനിതാ പ്രഫഷണൽ ടെന്നീസ് കളിക്കാരിയായ യാര അൽഹോഗ്ബാനി, വനിതാ ടെന്നീസ് അസോസിയേഷൻ റാങ്കിങ്ങിൽ കൂടുതൽ ഉയരുന്നതിനും രാജ്യാന്തര തലത്തിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് തുടരുന്നതും പ്രതീക്ഷിക്കുന്നു.ഇതിനകം വിവിധ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുള്ള താരം പ്രോ ടൂർ തലത്തിൽ കളിച്ച് രാജ്യാന്തര റാങ്കിങ് നേടുന്ന ആദ്യത്തെ സൗദി വനിതയാണ്. ആദ്യ പ്രഫഷണൽ സൗദി വനിതാ ബോക്സറാണ് റഗദ് അൽ നൈമി.യുഎസിലെ പഠനകാലത്ത് ബോക്സിങ്ങിൽ അകൃഷ്ടയായി പരിശീലനം തുടങ്ങി.
2015 മുതൽ വനിതാ കായികരംഗത്ത് ആരംഭിച്ച പുരോഗമനപരവും വളരെ പ്രധാനപ്പെട്ടതുമായ വിപ്ലവകരവുമായ മാറ്റങ്ങൾ വരുത്തിയ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. വിവിധ കായിക ഇനങ്ങൾക്കായി വനിതാ ദേശീയ ടീമുകൾ രൂപീകരിച്ചതോടൊപ്പം പുരോഗമനം ലക്ഷ്യമിട്ട് നിരവധി വനിതാ സ്പോർട്സ് ഫെഡറേഷനുകൾ സ്ഥാപിച്ചു.
സൌദി ഭരണകൂടം തങ്ങൾക്കു നൽകുന്ന വലിയ പിന്തുണക്കും പ്രോത്സാഹനങ്ങൾക്കും നന്ദി പറയുകയാണ് കായികപ്രേമികളായ സൗദി വനിതകളും വനിതാ കായികതാരങ്ങളും.
രാജ്യത്തുടനീളമുള്ള വനിതാ കായികതാരങ്ങളും സ്ത്രീ സമൂഹവും തങ്ങൾക്കു കിട്ടിയ അവസരങ്ങൾ ഏറ്റെടുക്കുകയും പ്രാദേശിക,ദേശീയ, രാജ്യാന്തരതല വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു മൽസരങ്ങളിലും ടൂർണമെന്റുകളിലും പങ്കെടുക്കുന്നു.
സൗദി വിഷൻ 2030 ന്റെ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെ പിന്തുണയോടെ, പ്രാദേശിക മത്സരങ്ങളിൽ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ എണ്ണത്തിൽ 59 ശതമാനം വർധനയുണ്ടായി.രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്ന വനിതകളുടെ എണ്ണത്തിൽ 166 ശതമാനവും പരിശീലകരുടെ എണ്ണത്തിൽ 117 ശതമാനവും വനിതാ കായികതാരങ്ങളുടെ എണ്ണത്തിൽ 150 ശതമാനവും വർധനവാണ് ഉണ്ടായത് നിലവിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക വനിതാ ദേശീയ ടീമുകളുടെ എണ്ണം 23 ആയി ഉയർന്നിട്ടുണ്ട്. സൗദി വനിത കായിക താരങ്ങൾ പ്രാദേശിക, രാജ്യാന്തര ഇനങ്ങളിൽ 100 മെഡലുകൾ നേടി മികവ് കാണിച്ചുകഴിഞ്ഞു.
12 സൗദി വനിതകൾ നിലവിൽ പ്രമുഖ രാജ്യാന്തര കായിക സ്ഥാനങ്ങൾ വഹിക്കുന്നു. കൂടാതെ ഈ മേഖലയിലുടനീളം സമഗ്രമായ പുരോഗതി ഉറപ്പാക്കുന്നതിനായി 38 സൗദി സ്‌പോർട്‌സ് ഫെഡറേഷനുകളുമുണ്ട്,