ന്യൂനപക്ഷസ്കോളർഷിപ്പിൽ നേരത്തേ മുസ്ലിങ്ങൾക്ക് ലഭിച്ചിരുന്ന അതേ അവകാശം തന്നെ ഇപ്പോഴും ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ. ന്യൂനപക്ഷസ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സർക്കാർ സമീപിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകിയതായും കാന്തപുരം പറഞ്ഞു.
സച്ചാർ-പാലൊളി കമ്മിറ്റി ശുപാർശകളെത്തുടർന്ന് 2011 മുതൽ കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിന് 80 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങൾക്ക് 20 ശതമാനവും വീതം സ്കോളർഷിപ്പ് ലഭിച്ചിരുന്ന അനുപാതമാണ് ഹൈക്കോടതി വിധിയോടെ റദ്ദാകുന്നത്. ഇത് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ 2011-ലെ സെൻസസ് അനുസരിച്ച് അനുപാതം പുനഃക്രമീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മുസ്ലിംലീഗ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളും വിവിധ രാഷ്ട്രീയ, മുസ്ലിം സംഘടനകളും ശക്തമായ പ്രതിഷേധവുമായാണ് രംഗത്തെത്തിയത്.
മുസ്ലിങ്ങൾക്ക് ലഭിക്കുന്ന അവകാശം കുറഞ്ഞു പോകുന്നു എന്ന ചർച്ച സജീവമാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാന്തപുരം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണം, മേൽക്കോടതിയെ സമീപിക്കണം. സർക്കാർ മേൽക്കോടതിയെ സമീപിച്ചേ പറ്റൂ എന്നതാണ് ഞങ്ങളുടെ നിലപാട്. ഇക്കാര്യത്തിൽ വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് തന്ന മുഖ്യമന്ത്രി, നേരത്തേയുള്ള ആനുകൂല്യങ്ങൾ കുറഞ്ഞ് പോകില്ലെന്ന് ഉറപ്പ് നൽകിയതായും വ്യക്തമാക്കി. ആനുകൂല്യങ്ങൾ എക്കാലവും നിലനിൽക്കാനുള്ള നിയമനിർമാണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് തന്നെന്നും കാന്തപുരം അറിയിച്ചു.
രാജ്യത്തെ പ്രധാന ന്യൂനപക്ഷമായ മുസ്ലിങ്ങളുടെ സാമൂഹ്യ- സാമ്പത്തിക പിന്നാക്കവസ്ഥയെ കുറിച്ച് പഠിക്കാനും മുസ്ലിങ്ങളെ മുഖ്യധാരയിലെത്തിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ജസ്റ്റിസ് രാജീന്ദര്‍ സച്ചാറിനെ അധ്യക്ഷനാക്കി ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത്. ഈ സച്ചാർ കമ്മിറ്റിയുടെ നിർദേശങ്ങൾ കേരളത്തിൽ നടപ്പാക്കാൻ 2007-ൽ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ഒരു എട്ടംഗ സമിതിയെ നിയോഗിച്ചു. അന്നത്തെ വി.എസ് സർക്കാരിന് കീഴിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു പാലോളി മുഹമ്മദ് കുട്ടി.
പാലോളി കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2009 മുതലാണ് സംസ്ഥാനത്തെ മുസ്ലിം വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്. മുസ്ലിം വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തും അവരെ പറ്റി പഠിച്ചുമാണ് പാലോളി കമ്മിറ്റി നിര്‍ദേശം സമര്‍പ്പിച്ചിരുന്നത്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെ കമ്മിറ്റി പഠനവിധേയമാക്കിയിട്ടില്ല. കാരണം മുസ്‌ലിം സമുദായത്തിന് വേണ്ടി മാത്രമായിട്ടായിരുന്നു യു.പി.എ. സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍.
100 ശതമാനവും മുസ്ലിങ്ങള്‍ക്കായി തുടങ്ങിയ ഈ സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിക്കുന്നത് പിന്നീടാണ്. ക്രിസ്ത്യന്‍ വിഭാഗത്തിനുള്ളിലെ ന്യൂനപക്ഷ–പിന്നാക്ക വിഭാഗങ്ങളായ ലത്തീന്‍ കത്തോലിക്കര്‍ക്കും പട്ടികജാതിയില്‍ നിന്നും വന്ന പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 2011-ലായിരുന്നു ഈ തീരുമാനം നിലവില്‍ വന്നത്.