തൃക്കൈയില്‍ ക്ഷേത്രത്തില്‍ ഇനി യന്ത്ര ആന എഴുന്നെള്ളത്ത്; പുതിയ മാതൃകയുമായി നടി പ്രിയാമണി, കേരളത്തില്‍ ഇത്തരത്തില്‍ രംഗത്തിറക്കുന്ന രണ്ടാമത്തെ ആനയാണിത്.


കൊച്ചി: പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് ആനിമല്‍സ് ഇന്ത്യയും (PETA) ചലച്ചിത്രതാരം പ്രിയാമണിയും ചേര്‍ന്ന് യന്ത്ര ആനയെ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി. കാലടിയിലെ തൃക്കൈയില്‍ മഹാദേവ ക്ഷേത്രത്തിലാണ് യഥാര്‍ത്ഥ ആനയുടെ അതേ വലിപ്പമുള്ള കൃത്രിമ ആനയെ നടയ്‌ക്കിരുത്തിയത്. ക്ഷേത്രത്തില്‍ ജീവനുള്ള ആന കളെ ഉപയോഗിക്കില്ലെന്ന ക്ഷേത്രം അധികൃതരുടെ തീരുമാനത്തിന് പിന്നാലെയാണ് പെറ്റയുടെ സമ്മാനം ക്ഷേത്രത്തില്‍ എത്തിയത്.

മഹാദേവന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ആനയെ ഉപയോഗിച്ചാകും ഇനി ക്ഷേത്രത്തിലെ ആചാരങ്ങളും ആഘോഷങ്ങളും നടത്തുക. ക്ഷേത്രത്തെ സുരക്ഷിതവും മൃഗഹിംസ രഹിതവും ആക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. കേരളത്തില്‍ ഇത്തരത്തില്‍ രംഗത്തിറക്കുന്ന രണ്ടാമത്തെ ആനയാണിത്.

കഴിഞ്ഞ ദിവസം വലിയ ആഘോഷങ്ങളോടെയാണ് ആനയെ നടയ്ക്കിരുത്തിയത്. മാസ്‌റ്റര്‍ വേദാരത്ത് രാമന്‍റെയും സംഘത്തിന്‍റെയും ചെണ്ട മേളത്തിന്‍റെ അകമ്പടി യോടെ ആയിരുന്നു ചടങ്ങ്. വേണു മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യവും അരങ്ങേറി. മൃഗങ്ങളെ ഉപദ്രവിക്കാതെ തന്നെ നമ്മുടെ സമൃദ്ധമായ സാംസ്‌കാരിക ആഘോഷങ്ങളും പാരമ്പര്യവും സാങ്കേതിക വിദ്യയുടെ പുരോഗതി ഉപയോഗിച്ച് നമുക്ക് ഉറപ്പാക്കാനാകുമെന്ന് പ്രിയാമണി പറഞ്ഞു.

ഈ യന്ത്ര ആനയെ ഉപയോഗിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ക്ഷേത്ര ഉടമസ്ഥന്‍ തെക്കിനിയേടത്ത് വല്ലഭന്‍ നമ്പൂതിരി പറഞ്ഞു. എല്ലാ മൃഗങ്ങളും ഈശ്വര സൃഷ്‌ടിയാണ്. മനുഷ്യരെ പോലെ സുരക്ഷിതമായും സ്വതന്ത്രമായും അവരുടെ കുടുംബത്തോടൊപ്പം കഴിയാനുള്ള ആഗ്രഹം അവയ്ക്കുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ആദ്യമായി ക്ഷേത്ര ചടങ്ങിന് ഇത്തരത്തിലുള്ള ആനയെ ഉപയോഗിച്ചത് തൃശൂരിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്‌ണ ക്ഷേത്രത്തിലാണ്. ഒരു ഉത്സവത്തിനും ജീവനുള്ള മൃഗങ്ങളെ ഉപയോഗിക്കില്ലെന്ന പ്രതിജ്ഞയ്ക്ക് പിന്നാലെ ആയിരുന്നു കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തില്‍ ഇത്തരമൊരു നീക്കമുണ്ടായത്.


Read Previous

ഇഡിയും സിബിഐയും ബിജെപിയുടെ ഗുണ്ടകൾ ; എഎപി മന്ത്രി അതിഷി

Read Next

ഡൽഹി ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം; റിപ്പോർട്ട് പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »