തിരുവനന്തപുരം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ഇന്നലെ മാത്രം 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറുപേരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവിൽ ജില്ലയിലുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്. ഒരിടവേളക്കുശേഷമാണ് സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നത്. ആർടിപിസി ആർ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പുതിയ വകഭേദമാണോ എന്ന് അറിയുന്നതിനും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ള വരിലുമാണ് കൊവിഡ് ബാധ കൂടുതൽ. സംസ്ഥാനത്തെ കോവിഡ് കേസുകളിൽ നേരിയ വർധവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.
കഴിഞ്ഞ മാസത്തേക്കാൾ നേരിയ വർധനവാണ് പ്രതിദിന കോവിഡ് കേസുകളിൽ ഈ മാസം റിപ്പോർട്ട് ചെയ്തത്. 20 മുതൽ 30 വരെ കോവിഡ് കേസുകളാണ് ഈ ദിവസങ്ങ ളിൽ റിപോർട്ട് ചെയ്യുന്നത്. ഇതിൽ കിടത്തി ചികിത്സ ആവശ്യമായി വന്നവരുടെ എണ്ണവും നേരിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം ചൈനയിൽ നിന്നുള്ള അജ്ഞാത വൈറസ് ബാധ വ്യാപിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. വൈറസ് വ്യാപനത്തിൽ ഇന്ത്യയിൽ നിലവിൽ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി ആശുപത്രി കിടക്കകളും വെൻറിലേറ്ററുകളും സജ്ജമാക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പിപിഇ കിറ്റുകളും പരിശോധന കിറ്റുകളും ശേഖരിച്ച് വെയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.
രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്‌നാട് എന്നിവയുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, സ്റ്റിറോയിഡുകൾ പോലുള്ള ദീർഘകാല മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയ ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
എന്നാൽ രാജ്യത്തുടനീളം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതിന് പിന്നിൽ പുതിയ വൈറസുകളല്ലെന്ന് ചൈന ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൈനയിലെ കുട്ടികളിൽ ന്യുമോണിയ ബാധ വർദ്ധിക്കുന്നതു മായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ പ്രസ്താവന. ഇൻഫ്ലുവൻസ വൈറസ് (എച്ച് 9 എൻ 2), റിനോവൈറസ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് അല്ലെങ്കിൽ ആർഎസ് വി, അഡെനോവൈറസ്, മൈകോപ്ലാസ്മ ന്യൂമോണിയ പോലുള്ള ബാക്ടീരിയകൾ എന്നിവയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സാധാരണ കാരണങ്ങ ളാകുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പനി, വിറയൽ, അസ്വാസ്ഥ്യം, വിശപ്പില്ലായ്മ, മ്യാൽജിയ, ഓക്കാനം, തുമ്മൽ, മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന വരണ്ട ചുമ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. പനിയും അറിയപ്പെടുന്ന മറ്റ് രോഗാണുക്കളും കാരണം രാജ്യത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നുണ്ടെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞു.