
ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരത്തിന്‍റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു. ആവേശകരമായ മത്സരം ഫെബ്രുവരി 23 ന് ദുബായ് ഇന്‍റര്‍നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. മൂവായിരം മുതൽ ഒരു ലക്ഷം ഇന്ത്യൻ രൂപ വരെയാണ് ടിക്കറ്റുകള്‍ക്ക് വില ഈടാക്കിയത്.
ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെയും ആദ്യ സെമിഫൈനലിന്‍റെ ടിക്കറ്റുകളുടെ വില്‍പന ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 5:30 ആണ് ആരംഭിച്ചത്. എന്നാല്‍ ഫെബ്രുവരി 23 ന് നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റുകൾ വേഗത്തില്‍ വിറ്റുതീർന്നു. ടിക്കറ്റ് വാങ്ങാനുള്ള തിരക്ക് വളരെ കൂടുതലാ യിരുന്നതിനാൽ 1,50,000-ത്തിലധികം ആരാധകർ ഓൺലൈനിൽ ക്യൂവിൽ നിന്നു.
ദുബായ് ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് 25,000 കാണികളെയാണ് ഉൾക്കൊള്ളാൻ കഴിയുക. എന്നാൽ 1,50,000-ത്തിലധികം ആരാധകർ ടിക്കറ്റ് വാങ്ങാൻ ഓൺലൈനിൽ ക്യൂ നിന്നു. ടിക്കറ്റുകൾ ക്കായുള്ള മത്സരം ക്രിക്കറ്റിന്‍റെ വമ്പിച്ച ജനപ്രീതിയും പ്രാധാന്യവുമാണ് എടുത്തുകാണിക്കുന്നത്. ഇന്ത്യ vs പാകിസ്ഥാൻ മത്സരങ്ങൾ ക്രിക്കറ്റ് ലോകത്തിന് ആവേശം പകരുക മാത്രമല്ല, സാമ്പത്തിക പ്രവർത്തന ങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും ദുബായിലേക്കുള്ള ആരാധകരുടെ ഒഴുക്ക് മൂലം യാത്രാ, ടൂറിസം മേഖലകളിൽ കൂടുതൽ പ്രവർത്തനങ്ങൾ നടക്കുന്നതിനും ഹോട്ടൽ ബുക്കിംഗുകളിലും വിമാന നിരക്കുകളിലും വർദ്ധനവുണ്ടാകുന്നതിനും മെഗാ മത്സരം കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ചാമ്പ്യൻസ് ട്രോഫിയിൽ 19 ദിവസങ്ങളിലായി ആകെ 15 മത്സരങ്ങൾ
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ടൂര്‍ണമെന്‍റില്‍ മികച്ച എട്ട് ടീമുകൾ പാകിസ്ഥാനിലും യുഎഇയിലുമായി 19 ദിവസങ്ങളിലായി 15 മത്സരങ്ങൾ കളിക്കും. ഗ്രൂപ്പ് എയിൽ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ് എന്നിവരും ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരും ഉൾപ്പെടുന്നു. ആതിഥേയരായ പാകിസ്ഥാൻ ഫെബ്രുവരി 19 ന് കറാച്ചിയിൽ ന്യൂസിലൻഡിനെതിരെ ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യം മത്സരം കളിത്തും. ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.
ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സര ഷെഡ്യൂൾ
- ഫെബ്രുവരി 20: ബംഗ്ലാദേശ് vs ഇന്ത്യ- ദുബായ്
- ഫെബ്രുവരി 23: പാകിസ്ഥാൻ vs ഇന്ത്യ- ദുബായ്
- മാർച്ച് 2: ന്യൂസിലൻഡ് v ഇന്ത്യ- ദുബായ്
- മാർച്ച് 4: സെമി-ഫൈനൽ 1- ദുബായ്
- മാർച്ച് 9: ഫൈനൽ- ദുബായ് (ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയാൽ)