ഇന്ത്യൻ പൗരൻമാർക്ക് പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റ് വേണ്ട


ദുബായ്: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെതന്നെ പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിദേശ കാര്യ മന്ത്രാലയം (എംഇഎ) അനുമതി നല്‍കി. സര്‍ട്ടിഫിക്കറ്റിന് പകരം ഇനിമുതല്‍ ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രം പതിച്ച സംയുക്ത സത്യവാങ്മൂലം മാത്രം മതിയാകും. സ്വയം സാക്ഷ്യപ്പെടുത്തിയ സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂര്‍ണമായ പേരുകള്‍, വിലാസം, വൈവാഹികനില, ആധാര്‍ നമ്പറുകള്‍, വോട്ടര്‍ ഐഡികള്‍, പാസ്പോര്‍ട്ട് നമ്പറുകള്‍, തിയതി, സ്ഥലം, ഇരുകക്ഷികളുടെയും ഒപ്പുകള്‍ എന്നിവയെല്ലാം സത്യവാങ്മൂലത്തില്‍ ഉണ്ടായിരിക്കണം. സാധാരണ വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം ഈ രേഖകളെല്ലാം സ്വീകരിക്കും. പാസ്പോര്‍ട്ട് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. രജിസ്റ്റര്‍ ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ദമ്പതികള്‍ക്ക് പാസ്പോര്‍ട്ടില്‍ അവരുടെ വൈവാഹികനില പുതുക്കുന്നതിന് അപേക്ഷിക്കുമ്പോള്‍ ഉണ്ടാകാറുള്ള കാലതാമസവും അപേക്ഷ നിരസിക്കപ്പെടുന്നതും ഈ മാറ്റത്തിലൂടെ ഒഴിവാക്കാം.

ജീവിതപങ്കാളിയുടെ പേര് പാസ്പോര്‍ട്ടില്‍ നിന്നു നീക്കം ചെയ്യാനോ പുതുക്കാനോ ഉള്ള നിയമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനായി വിവാഹമോചന ഉത്തരവ്, പങ്കാളിയുടെ മരണ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ പുനര്‍വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ച വ്യക്തികള്‍ക്ക് ജനനതിയതി തെളിയിക്കാനുള്ള ഒരേയൊരു രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കു എന്നതും പുതിയ നിയമത്തിലെ മാറ്റങ്ങളിലൊന്നാണ്. എന്നാല്‍ ഈ തിയതിക്ക് മുന്‍പ് ജനിച്ച അപേക്ഷകര്‍ക്ക് പാന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ മറ്റ് രേഖകള്‍ ഉപയോഗിക്കാം.


പാസ്പോര്‍ട്ടുകളുടെ അവസാന പേജില്‍ ഇനി മേല്‍വിലാസം ഉണ്ടാകില്ലെന്നതും മറ്റൊരു പ്രധാന മാറ്റ മാണ്. ഡാറ്റയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വ്യക്തിഗത വിവരങ്ങള്‍ ചോരുന്നത് തടയുന്നതിനും ഇനി സ്‌കാന്‍ ചെയ്യാവുന്ന ബാര്‍ കോഡ് ആയിരിക്കും ഉപയോഗിക്കുക. കൂടാതെ തിരിച്ചറിയല്‍ എളുപ്പ മാക്കുന്നതിനും ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ള നിറത്തിലും നയതന്ത്രജ്ഞര്‍ക്ക് ചുവപ്പ് നിറത്തിലും സാധാരണ പൗരന്‍മാര്‍ക്ക് നീല നിറത്തിലുമുള്ള പാസ്പോര്‍ട്ടുകള്‍ നല്‍കുന്ന സംവിധാനവും ആരംഭിച്ചിട്ടുണ്ട്.


Read Previous

ഹൃദയാഘാതം: പത്തനംതിട്ട സ്വദേശിനിയായ നഴ്‌സ് സൗദിയിലെ ജുബൈലില്‍ നിര്യാതയായി

Read Next

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തരൂക്ഷിത ഏട്; ഓർമയിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »