കറുത്ത ആംബാൻഡ് ധരിച്ച് ഇന്ത്യൻ ടീം, സ്‌മരണയുമായി പ്രമുഖർ; മൻമോഹൻ സിങ്ങിൻറെ വിയോഗത്തിൽ അന്ത്യാഞ്ജലിയർപ്പിച്ച് കായിക ലോകം


ന്യൂഡല്‍ഹി : ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനം കറുത്ത ആംബാൻഡുകള്‍ ധരിച്ച് കളിക്കാനിറങ്ങിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങള്‍. അന്തരിച്ച ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ആദരവായിട്ടാണ് ഇന്ത്യൻ താരങ്ങള്‍ ആംബാൻ ഡുകള്‍ ധരിച്ചിരിക്കുന്നത്. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ (ഡിസംബര്‍ 26) രാത്രിയോടെ വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 9.51 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തില്‍ മറ്റ് കായിക താരങ്ങളും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ച ദീര്‍ഘവീക്ഷണമുള്ള നേതാവും യഥാര്‍ഥ രാഷ്‌ട്രതന്ത്രജ്ഞനനുമാണ് മൻമോഹൻ സിങ്ങെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് അഭിപ്രായപ്പെട്ടു. മുൻ പ്രധാനമന്ത്രിയുടെ ജ്ഞാനവും വിനയവും എക്കാലവും ഓര്‍മിക്കപ്പെടുമെന്നും യുവരാജ് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

പ്രതിസന്ധിഘട്ടങ്ങളെപ്പോലും ശാന്തമായി നേരിടാനുള്ള കഴിവാണ് ഡോ. മൻമോഹൻ സിങ്ങിനെ മറ്റ് നേതാക്കളില്‍ നിന്നും വേറിട്ട് നിര്‍ത്തിയതെന്ന് മുൻ ക്രിക്കറ്റ് താരവും ആം ആദ്‌മിയുടെ രാജ്യസഭ എംപിയുമായ ഹര്‍ഭജൻ സിങ് പറഞ്ഞു. പ്രധാനമന്ത്രിക്ക് പുറമെ മൻമോഹൻ സിങ് ഒരു ചിന്തകനും സാമ്പത്തിക വിദഗ്‌ധനും യഥാര്‍ഥ രാജ്യസ്നേഹിയുമായിരുന്നുവെന്ന് മുൻ ഗുസ്‌തി താരവും ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എയുമായ വിനേഷ് ഫോഗട്ട് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ ശാന്തമായ നേതൃത്വ ശൈലിയും സാമ്പത്തിക കാഴ്‌ചപ്പാടുകളും ഇന്ത്യയ്‌ക്ക് പുതിയ ദിശ സമ്മാനിച്ചു.

അദ്ദേഹത്തിന്‍റെ ഓരോ വാക്കിലും വിനയത്തിന്‍റെയും വിവേകത്തിന്‍റെയും ആഴം ഉണ്ടായിരുന്നു. രാജ്യത്തിനായി അദ്ദേഹം നല്‍കിയ സേവനങ്ങളും സംഭാവനകളും എക്കാലവും സ്‌മരിക്കപ്പെടുമെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു. മുൻ ക്രിക്കറ്റ് താരങ്ങളായ വീരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്‌മൺ, മുൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ തുടങ്ങി നിരവധി പ്രമുഖരും മൻമോഹൻ സിങ്ങിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.


Read Previous

നയതന്ത്ര പങ്കാളിത്തത്തിൻ്റെ മികച്ച ചാമ്പ്യൻ; മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലി അർപ്പിച്ച് യുഎസ്

Read Next

‘അങ്ങയോട് മാധ്യമങ്ങളും പ്രതിപക്ഷവും ജനവും നീതി കാണിച്ചില്ല’: മൻമോഹൻ സിങ്ങിനെ അനുസ്‌മരിച്ച് ശശി തരൂർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »