ഇന്ത്യക്കാര്‍ക്ക് ഇനി ഇറാനിലേക്ക് വിസ വേണ്ട; 27 രാജ്യത്തെ പൗരന്മാര്‍ക്ക് വിസ രഹിത യാത്ര പ്രാബല്യത്തില്‍, വിമാനത്തില്‍ വരുന്നവര്‍ക്കാണ് വിസ ഇളവ്; കര അതിര്‍ത്തി വഴി വരുന്നവര്‍ക്ക് വിസ നിര്‍ബന്ധം, ഇറാനില്‍ ടൂറിസ്റ്റുകളുടെ വരവ് 48.5% വര്‍ധിച്ചു


ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ ഇറാനിലേക്ക് പ്രവേശനം അനുവദിക്കുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടും വിമാനടിക്കറ്റും ഉള്ള ആര്‍ക്കും ഇറാനില്‍ പറന്നിറങ്ങാം. ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. ഫെബ്രുവരി നാല് ഞായറാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലായി.

അതേസമയം, കര അതിര്‍ത്തിയിലൂടെ ഇറാനില്‍ പ്രവേശിക്കുന്നവര്‍ക്ക് വിസ ലഭിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് ടൂറിസം വര്‍ധിപ്പിക്കാനാണ് ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ വിസ രഹിത പ്രവേശനം അനുവദിക്കുന്നത്.

68 രാജ്യങ്ങളില്‍ നിന്നുള്ള പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ ആവശ്യകതകള്‍ ഒഴിവാക്കി യാത്ര ലളിതമാക്കാനും ടൂറിസം പ്രോത്സാഹിപ്പിക്കാനുമുള്ള 2022 ലെ ടൂറിസം മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നീക്കം. 2023 ഡിസംബറില്‍ 33 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസ ആവശ്യകതകള്‍ എടുത്തുകളയുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു. വിദേശരാജ്യങ്ങളുമായുള്ള ഇറാന്റെ നയതന്ത്ര ബന്ധങ്ങളിലെ മികച്ച മുന്നേറ്റമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു.

തുര്‍ക്കി, അസര്‍ബൈജാന്‍, ഒമാന്‍, ചൈന, അര്‍മേനിയ, ലെബനാന്‍, സിറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള വിസ ആവശ്യകതകള്‍ ഇറാന്‍ നേരത്തേ എടുത്തു കളഞ്ഞിരുന്നു. അന്താരാഷ്ട്ര സമൂഹവുമായി ഇടപടകുന്നതില്‍ ഇറാന്റെ പ്രതിബദ്ധത തെളിയിക്കുന്ന നീക്കമാണിതെന്ന് ഇറാന്‍ ടൂറിസം മന്ത്രി ഇസ്സത്തുല്ല സര്‍ഗാമി ദേശീയ വാര്‍ത്താ ഏജന്‍സിയായ ഇര്‍നയോട് പറഞ്ഞു. ഇറാനെതിരായ തെറ്റായ പ്രചാരണങ്ങളും കിംവദന്തികളും ഇല്ലാതാക്കാന്‍ കൂടി ഇത് സഹായിക്കും. ‘ആഗോള അഹങ്കാര വ്യവസ്ഥിതി തുടര്‍ന്നുവരുന്ന ഇറാനോഫോബിയ’ എന്ന പ്രതിഭാസത്തെ ചെറുക്കാന്‍ ഇത് സഹായിക്കുമെന്നും വന്‍ശക്തി രാജ്യങ്ങളെ ഉദ്ദേശിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇറാനില്‍ ടൂറിസം മേഖല വലിയ പുരോഗതിയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. 2023ലെ ആദ്യ എട്ട് മാസങ്ങളില്‍ വിദേശ ടൂറിസ്റ്റുകളുടെ വരവ് 48.5 ശതമാനം വര്‍ധിച്ച് 44 ലക്ഷമായി. ദേശീയ വരുമാനം വര്‍ധിപ്പിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ ടൂറിസം മേഖല ഉപയോഗപ്പെടുത്തുന്നതിന് സമാനമായാണ് ഇറാനും ഉദാരമായ വിസ നയങ്ങള്‍ സ്വീകരിക്കുന്നത്. ഏകീകൃത ജിസിസി വിസ നിയമം ഈ വര്‍ഷം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


Read Previous

സംസ്ഥാന ബജറ്റ്: രാഷ്ട്രീയ കവല പ്രസംഗം, പ്രവാസികള്‍ക്ക് നിരാശ, പ്രവാസി പുനരധിവാസം മിണ്ടുന്നില്ല: റിയാദ് ഒ.ഐ.സി.സി

Read Next

എ സി മൊയ്തീന് തിരിച്ചടി; സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »