
ന്യൂഡല്‍ഹി; ഇന്ത്യ ഭീകരതയ്ക്കെതിരെയാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ പാകിസ്ഥാന്‍ ഇതിനെ പിന്തുണയ്ക്കുന്നത് കൊണ്ട് പ്രതികരിക്കുകയായിരുന്നുവെന്നും എയര്‍ ചീഫ് മാര്‍ഷല്‍ എ കെ ഭാരതി. ഭീകരതയെയും അവരുടെ സംവിധാനങ്ങളെയുമാണ് തങ്ങള്‍ ലക്ഷ്യമിട്ടത് അല്ലാതെ പാക് സൈന്യത്തെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പാകിസ്ഥാന്‍ ഭീകരരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും തങ്ങളെ തിരിച്ച് ആക്രമിക്കുകയുമായിരുന്നു. മെയ് ഏഴിന് ഭീകര ക്യാമ്പുകള്‍ മാത്രമാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടതെന്നും ഭാരതി കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനുണ്ടായ നഷ്‌ടങ്ങള്‍ക്ക് ഉത്തരവാദികള്‍ അവര്‍ മാത്രമാണ്. നമ്മുടെ നടപടി അത്യാവശ്യ മായിരുന്നു. പാകിസ്ഥാനുണ്ടായ നഷ്‌ടങ്ങള്‍ അവര്‍ ചോദിച്ച് വാങ്ങിയതാണ്. അവരുടെ ആക്രമണങ്ങള്‍ നമുക്ക് കാര്യമായി ക്ഷതമേല്‍പ്പിച്ചിട്ടില്ല. നമ്മുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ക്കാന്‍ ശത്രുക്ക ള്‍ക്ക് സാധിക്കില്ല. ഇത് ഒരു മതിലുപോലെ വര്‍ത്തിക്കുന്നു. നമുക്ക് ബഹുപാളി വ്യോമ പ്രതിരോധ സംവി ധാനമാണ് ഉള്ളത്. അത് നമ്മുടെ വ്യോമമേഖല സംരക്ഷിക്കുന്നു. നമ്മുടെ വ്യോമസേന സൈന്യത്തെയും പൗരന്‍മാരെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളെയുമെല്ലാം സംരക്ഷിക്കുന്നു. നമ്മള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംവിധാനങ്ങളിലൂടെ പാകിസ്ഥാന്‍ വിന്യസിച്ച ഡ്രോണുകളും മനുഷ്യ രഹിത വ്യോമവാഹനങ്ങളും നശിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയിലും ഇത്തരം ദൗത്യങ്ങള്‍ക്ക് നമ്മള്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൈനിക ആയുധങ്ങള്‍ സംഭരിക്കാന്‍ പിന്തുണ നല്‍കിയ സര്‍ക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനം വളരെ മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. പഴയവയും സമയത്ത് തുണച്ചു. നമ്മുടെ തദ്ദേശയ ആകാശ് സംവിധാനം നല്ല പ്രകടനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ സേന തകര്‍ത്ത നുര്‍ഖാന്‍ വ്യോമത്താവളത്തിന്‍റെയും മിസൈലുകളുടെയും ഡ്രോണുകളുടെയും നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു. ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് വലിയ നഷ്‌ടങ്ങള്‍ സംഭവിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം വൈകിട്ട് പ്രതിരോധ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് രാജ്യത്തോട് പറയാനായി മറ്റൊരു വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു.
ഭീകരാക്രമണങ്ങളുടെ സ്വഭാവം കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായി മാറിയിട്ടുണ്ടെന്ന് ഡിജിഎംഓ ലഫ്റ്റനന്‍റ് ജനറല്‍ രാജീവ് ഘായ് ചൂണ്ടിക്കാട്ടി. ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് പഹല്‍ഗാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രിലില്‍ നടന്ന പഹല്‍ഗാം ആക്രമണവും 2024ലെ ശിവ് ഖോരി ആക്രമണവും പുത്തന്‍ ഭീകര തന്ത്രങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. പാകിസ്ഥാന്‍ ആക്രമണം നടത്തുമെന്ന് തങ്ങള്‍ക്കറി യാമായിരുന്നു. അത് കൊണ്ട് തന്നെ തയാറെടുപ്പോടെയാണ് ഇരുന്നത്. ബഹുതല വ്യോമ പ്രതിരോധ സംവിധാനമടക്കം സജ്ജമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച ബിഎസ്‌എഫിനെ അദ്ദേഹം അഭിനന്ദിച്ചു. അവരുടെ മുന്നറിയിപ്പ് സംവിധാനം ഏറെസഹായകമായി. സൈനിക നടപടിയിലും അവര്‍ പങ്കെടുത്തു. സ്ഥിതി ഗതികള്‍ നാവികസേനയും വീക്ഷിച്ച് വരികയായിരുന്നുവെന്ന് വൈസ് അഡ്‌മിറല്‍ എ എന്‍ പ്രമോദ് പറഞ്ഞു. ഇതിനിടെ ഇന്ത്യാ പാക് ഡിജിഎംഒമാര്‍ വൈകിട്ട് ചര്‍ച്ച നടത്തും. സൈനിക നടപടികള്‍ നിര്‍ത്തിയവയ്ക്കാനായി ഈ മാസം പത്തിനുണ്ടാക്കിയ ധാരണയിലാകുൂം ചര്‍ച്ചകള്‍. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ഉന്നതതല ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ധോവല്‍, സൈനിക മേധാവിമാര്‍ തുടങ്ങിയവരും സംബന്ധിച്ചു.