ഇന്ത്യയിലാദ്യമായി ‘ആത്മഹത്യ’ രോഗത്തിനുള്ള ശസ്‌ത്രക്രിയ വിജയകരം: ചെലവായത് വെറും 400 രൂപ


ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ബൽറാംപൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ ട്രൈജമിനൽ ന്യൂറൽജിയ ശസ്‌ത്രക്രിയ വിജയകരം. ആത്മഹത്യാ രോഗം എന്നറിയപ്പെടുന്ന ഈ അപൂർവ രോഗത്തിന് ശസ്‌ത്രക്രിയയിലൂടെ ചികിത്സ നൽകിയ ഇന്ത്യയിലെ ആദ്യത്തെ ജില്ലാ ആശുപത്രിയാണ് ഇത്. ട്രൈജമിനൽ ന്യൂറൽജിയ ബാധിതനായ അശോക് കുമാർ (46) എന്ന വ്യക്തിയുടെ ശസ്‌ത്രക്രിയ വിജയമായതിലൂടെയാണ് ബൽറാംപൂർ ആശുപത്രി ഈ നേട്ടം കൈവരിച്ചത്.

ഒരു ലക്ഷം ആളുകളിൽ 12 പേരെ മാത്രം ബാധിക്കുന്ന അപൂർവ രോഗമാണ് ട്രൈജമിനൽ ന്യൂറൽജിയ. രോഗി അനുഭവിക്കുന്ന കഠിനവേദന കാരണമാണ് ഈ രോഗം ആത്മഹത്യാ രോഗം എന്നറിയപ്പെടുന്നത്. സ്‌ത്രീകളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. ബോളിവുഡ് താരം സൽമാൻ ഖാനും ഇതേ രോഗം ഉണ്ടായിരുന്നു.

ആറുവർഷമായി മുഖത്തിൻ്റെ വലതുഭാഗത്ത് കടുത്ത വേദന അനുഭവിക്കുകയായി രുന്നു അശോക്. പല്ല് തേക്കാനോ, വായ കഴുകാനോ, വെള്ളം കുടിക്കാനോ ആവാതെ മുഖത്തെ കഠിനമായ വേദന മൂലം ദുരിതമനുഭവിക്കുകയായിരുന്നു അശോക്. വേദനസംഹാരികൾ ഉപയോഗിച്ചിട്ടും പല ചികിത്സകൾ നടത്തിയിട്ടും അദ്ദേഹത്തിന് ഒരു ആശ്വാസവും ലഭിച്ചിരുന്നില്ല. തുടർന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അദ്ദേഹം ബൽറാംപൂർ ജില്ലാ ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ വിനോദ് തിവാരിയെ സമീപിക്കുകയായിരുന്നു.

പരിശോധനയിൽ അശോകിന്‍റെ തലച്ചോറിൻ്റെ വലതുവശത്തുള്ള അഞ്ചാമത്തെ നാഡിയിലെ ഒരു ധമനിക്ക് ചുരുക്കമുള്ളതായി കണ്ടെത്തി. മരുന്നു കൊണ്ടുള്ള ചികിത്സ ഫലം ചെയ്യില്ലെന്നു കണ്ടതോടെയാണ് അശോകിന് ശസ്‌ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ജില്ലാ ആശുപത്രിയിൽ നടത്തിയ ശസ്‌ത്രക്രിയയ്ക്ക് രോഗിക്ക് 400 രൂപ മാത്രമാണ് ചെലവായത്. ബൽറാംപൂർ ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ വിനോദ് തിവാരിയുടെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടന്നത്.

മൂന്ന് മണിക്കൂറിലധികം നീണ്ട ശസ്‌ത്രക്രിയ വിജയകരമായെന്നും, ഐസിയുവിൽ കഴിയുന്ന അശോകിന് സുഖം പ്രാപിച്ചുവരികയാണെന്നും ഡോ തിവാരി പറഞ്ഞു. ഇനി രോഗിക്ക് സാധാരണ രീതിയിൽ സംസാരിക്കാൻ കഴിയുമെന്നും വേദന അനുഭവപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Read Previous

ടിക്കി ടാക്ക’ മാറ്റിപ്പിടിച്ചു, ക്രൊയേഷ്യൻ വലയിലെത്തിയത് മൂന്ന് ഗോള്‍; യൂറോ കപ്പില്‍ സ്‌പെയിന് ജയത്തുടക്കം

Read Next

തോല്‍വിയിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച്, തോമസ്‌ ഐസക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »