എതിലീൻ ഓക്സൈഡിന്റെ സാന്നിധ്യം അമിതമായതിനെത്തുടർന്നാണ് നടപടി

ഹോങ്കോങ്ങിനും സിംഗപ്പൂരിനും പിന്നാലെ രണ്ട് ഇന്ത്യൻ കമ്പനികളുടെ കറിപൗഡറുകൾക്ക് വിലക്കേർപ്പെടുത്തി നേപ്പാളും. രാസവസ്തുവിന്‍റെ സാന്നിധ്യം അമിതമായ അളവിൽ കണ്ടെത്തിയതിനേത്തുടർന്നാണിത്. ഇന്ത്യൻ ബ്രാൻഡുകളായ എം.ഡി.എച്ച്., എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ കറി പൗഡർ ഉത്പന്നങ്ങൾക്കാണ് വിലക്ക്. എതിലീൻ ഓക്സൈഡിന്റെ സാന്നിധ്യം അമിതമായതിനെത്തുടർന്നാണ് നടപടി.
നേപ്പാളിലെ ഫുഡ് ടെക്നോളജി& ക്വാളിറ്റി കൺട്രോൾ വിഭാഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എം.ഡി.എച്ചിന്റെ മദ്രാസ് കറി പൗഡർ, സാമ്പാർ മസാല, കറി പൗഡർ എന്നിവയിലും എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നിവയിലുമാണ് എതിലീൻ ഓക്സൈഡിന്റെ അളവ് കൂടുതലായി കണ്ടെത്തിയത്.
മേൽപ്പറഞ്ഞ ഉത്പന്നങ്ങളിൽ എതിലീൻ ഓക്സൈഡിന്റെ അളവ് അനുവദനീയമായതിലും കൂടുതലായി കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. വിപണിയിൽ നിന്ന് ഈ ഉത്പന്നങ്ങൾ പിൻവലിക്കണമെന്നും നിർദേശമുണ്ട്.
എന്താണ് എതിലീൻ ഓക്സൈഡ്?
വാണിജ്യ വ്യാവസായിക മന്ത്രാലയത്തിനു കീഴിലുള്ള സ്പൈസസ് ബോർഡിന്‍റെ നിർവചനപ്രകാരം 10.7 സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ കത്തുന്ന നിറമില്ലാത്ത വാതകമാണിത്. അണുനാശിനി, കീടനാശിനി എന്നീ ഉപയോഗമാണുള്ളത്. മെഡിക്കൽ ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്യുന്നതിനും ഉപയോഗിക്കുന്നു.
ലോകാരോഗ്യസംഘടന പറയുന്നതുപ്രകാരം മനുഷ്യനിൽ കാൻസറിന് കാരണമാകുന്നവയുടെ പട്ടികയിൽ മുൻപന്തിയിലാണ് എതിലീൻ ഓക്സൈഡിന്റെ സ്ഥാനം. പ്രത്യുത്പാദന തകരാറുകൾക്കും കാരണമാകാം. ബ്രെസ്റ്റ് കാൻസർ, ഉദരാർബുദം, ലിംഫോമ, ലുക്കീമിയ എന്നിവയുമായും ഇതു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യു.എസ്. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.
എതിലീൻ ഓക്സൈഡ് ദീർഘകാലം ഉപയോഗിക്കുന്നത് മനുഷ്യനിലെ കേന്ദ്രനാഡീവ്യവസ്ഥയെ തകരാറിലാക്കുകയും വിഷാദത്തിനു കാരണമാവുകയും കണ്ണ്, മൂക്ക്, തൊണ്ട, ശ്വാസകോശം തുടങ്ങിയവയ്ക്ക് തകരാറുണ്ടാക്കുകയും ചെയ്യുമെന്ന് യു.എസ്. എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നു.