അഹമ്മദാബാദില്‍ വീണ കണ്ണീരിന് മറ്റൊരു ലോകകപ്പില്‍ ഓസീസിനെ പുറത്താകലിന്റെ വക്കിലെത്തിച്ച് ഇന്ത്യയുടെ പ്രതികാരം; പക വീട്ടി രോഹിത്തും പിള്ളാരും, സെമിയില്‍ എതിരാളികള്‍ ഇംഗ്ലണ്ട്


സെയ്ന്റ് ലൂസിയ: ഏഴ് മാസങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ വീണ കണ്ണീരിന് മറ്റൊരു ലോകകപ്പില്‍ ഓസീസിനെ പുറത്താകലിന്റെ വക്കിലെത്തിച്ച് ഇന്ത്യയുടെ പ്രതികാരം. സൂപ്പര്‍ എട്ടിലെ തങ്ങളുടെ അവസാന മത്സരത്തില്‍ 24 റണ്‍സിനാണ് മിച്ചല്‍ മാര്‍ഷും സംഘവും അടിയറവ് പറഞ്ഞത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാമന്‍ മാരായി സെമിയിലെത്തുന്ന ഇന്ത്യയെ കാത്തിരിക്കുന്നത് കഴിഞ്ഞ ടി20 ലോകകപ്പില്‍ തകര്‍ത്ത് വിട്ട ഇംഗ്ലണ്ട് ആണ്. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേ ശിനോട് അഫ്ഗാനിസ്ഥാന്‍ പരാജയപ്പെട്ടാല്‍ മാത്രമേ ഓസീസിന് സെമിയിലേക്ക് മുന്നേറാന്‍ കഴിയുകയുള്ളൂ.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് 6(6) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുമായി ട്രാവിസ് ഹെഡ് 76(43), മിച്ചല്‍ മാര്‍ഷ് 37(28) എന്നിവര്‍ തകര്‍ത്തടിച്ചപ്പോള്‍ ഓസീസ് കുതിച്ചു. 9ാം ഓവറിലെ അവസാന പന്തില്‍ മാര്‍ഷിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ അക്‌സര്‍ പട്ടേല്‍ കയ്യിലൊതുക്കി. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. നാലാമനായി എത്തിയ മാക്‌സ്‌വെല്‍ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി നയം വ്യക്തമാക്കി.

എന്നാല്‍ കുല്‍ദീപ് യാദവ് വീണ്ടും രക്ഷകനായി അവതരിച്ചപ്പോള്‍ മാക്‌സി 20(12) മൂന്നാമനായി മടങ്ങി. എന്നാല്‍ ഇന്ത്യയെ കാണുമ്പോള്‍ ഹാലിളകുന്ന ട്രാവിസ് ഹെഡ് ഒരറ്റത്ത് നിലയുറപ്പിച്ചത് ഭീഷണിയായി തുടര്‍ന്നു. ഇതിനിടെ മാര്‍ക്കസ് സ്റ്റോയിനിസ് അക്‌സര്‍ പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി 2(4). 17ാം ഓവറിന്റെ മൂന്നാം പന്തില്‍ ജസ്പ്രീത് ബുംറയുടെ വേഗം കുറഞ്ഞ പനവ്ത് മിസ് ടൈം ചെയ്ത് ട്രാവിസ് ഹെഡ് മടങ്ങിയതോടെ ഇന്ത്യ ജയം പ്രതീക്ഷിച്ച് തുടങ്ങി. പിന്നീട് ടിം ഡേവിഡ് 15(11), മാത്യു വെയ്ഡ് 1(2) എന്നിവരെ കൂടി മടക്കി അര്‍ഷ്ദീപ് ഓസീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

ഏഴാമനായി ടിം ഡേവിഡ് മടങ്ങിയപ്പോള്‍ ഓസീസ് സ്‌കോര്‍ 17.5 ഓവറില്‍ 166 എന്ന നിലയിലായിരുന്നു. അവസാന രണ്ടോവറില്‍ 39 റണ്‍സ് വേണമായിരുന്നു ഓസ്‌ട്രേ ലിയക്ക്. ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ പിറന്നത് വെറും 10 റണ്‍സ് മാത്രം. അവസാന ഓവറില്‍ വിജയിക്കാന്‍ ഓസ്‌ട്രേലിയക്ക് ഹാര്‍ദിക് പാണ്ഡ്യക്കെതിരെ 29 റണ്‍സ് കുറിക്കണമായിരുന്നു. എന്നാല്‍ പാറ്റ് കമ്മിന്‍സ് മിച്ചല്‍ സ്റ്റാര്‍ക്ക് സഖ്യത്തിന് എത്തിപ്പിടിക്കാവുന്നതിലും ദൂരെയായിരുന്നു ലക്ഷ്യം. അര്‍ഷ്ദീപ് മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി. അക്‌സര്‍ പട്ടേല്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

നേരത്തെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മിച്ചല്‍ മാര്‍ഷിന്റെ തീരുമാനം തെറ്റെന്ന് രോഹിത് ശര്‍മ്മ തെളിയിച്ചു. 41 പന്തുകളില്‍ എട്ട് സിക്സറുകളും ഏഴ് ഫോറും ഉള്‍പ്പെടെ നേടി ഇന്ത്യന്‍ നായകന്‍ കളം നിറഞ്ഞപ്പോള്‍ സെഞ്ച്വറിക്ക് വെറും എട്ട് റണ്‍സ് അകലെ 92 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിരുന്നു.ഒരുപക്ഷേ രോഹിത് ശര്‍മ്മ നല്‍കിയ തുടക്കം മറ്റുള്ളവര്‍ക്ക് മുതലാക്കാന്‍ കഴിഞ്ഞെങ്കില്‍ ഇന്ത്യയുടെ സ്‌കോര്‍ ഇനിയും ഉയരുമായിരുന്നു. 12.2 ഓവറില്‍ രോഹിത് പുറത്താകുമ്പോള്‍ 127 റണ്‍സ് ഇന്ത്യ നേടിയിരുന്നു.എന്നാല്‍ രോഹിത് പുറത്തായ ശേഷം അവശേഷിച്ച 7.4 ഓവറില്‍ 78 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. അവസാന 5.3 ഓവറില്‍ നേടിയതാകട്ടെ വെറും 56 റണ്‍സും. സൂപ്പര്‍ താരം വിരാട് കൊഹ്ലി 0(5) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. റിഷഭ് പന്ത് 15(14), ശിവം ദൂബെ 28(22), എന്നവര്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടി. സൂര്യകുമാര്‍ യാദവ് 31(16), ഹാര്‍ദിക് പാണ്ഡ്യ 27(17) രവീന്ദ്ര ജഡേജ 9(5) എന്നിങ്ങെനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. മിച്ചല്‍ സ്റ്റാര്‍ക്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റും ഹേസില്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.


Read Previous

സാമ്പത്തിക ഉപരോധം മറികടക്കാന്‍ റഷ്യയെ സഹായിച്ചു: ഇന്ത്യന്‍ കമ്പനിക്കെതിരെ ജപ്പാന്റെ കടുത്ത നടപടി

Read Next

കുഞ്ഞുമുഹമ്മദ് മാഷിന് റിയാദ് ടാക്കിസിന്റെ ആദരവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular