
റിയാദ്: സൗദി അറേബ്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം നടത്തിയ രണ്ടംഗ സംഘം പിടിയില്‍. വിദേശ യുവതി ഉൾപ്പെട്ട പിടിച്ചുപറി സംഘത്തെ റിയാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സുരക്ഷ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയ ഇവർ ആളുകളെ തന്ത്രപൂർവ്വം കെണിയിൽ വീഴ്ത്തി ദേഹപരിശോധന നടത്തുകയും പണം കൈക്കലാക്കി കള്ളനോട്ട് മാറി നൽകുകയുമായിരുന്നു.
ഇങ്ങനെ കൈക്കലാക്കുന്ന പണം വിദേശത്തേക്ക് അയയ്ക്കുകയാണ് സംഘം ചെയ്തിരുന്നത്. പ്രതികളുടെ പക്കൽ നിന്ന് 60,000 റിയാലും സ്വർണാഭരണങ്ങളും കത്തിയും കൈവിലങ്ങുലുകളും ആളുകളിൽ നിന്ന് തട്ടിയെടുത്ത മൊബൈൽ ഫോണുകളും കണ്ടെത്തി.
അതേസമയം പ്രതികളെ ചോദ്യം ചെയ്യുകയും തെളിവ് ശേഖരിക്കുകയും ചെയ്തു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. തുടർ നടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ വകുപ്പ് അറിയിച്ചു.