
ദോഹ: യാത്രക്കാരുടെയും വിമാനങ്ങളുടെയും ചരക്ക് നീക്കങ്ങളുടെയും എണ്ണത്തിൽ പുതിയ റെക്കോഡുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. 2024ൽ ഹമദ് വിമാനത്താവളം വഴി 5.27 കോടി പേർ യാത്ര ചെയ്തതായാണ് റിപ്പോർട്ടുകൾ. മുൻ വർഷത്തേക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 15 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. 2.79 ലക്ഷം വിമാനങ്ങളാണ് ഒരു വർഷത്തിനിടെ സർവീസ് നടത്തിയത്. മുൻവർഷത്തെക്കാൾ 10 ശതമാനം വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 26 ലക്ഷം ടൺ ചരക്കുകളും 4.13 കോടി യാത്രാ ബാഗും പോയവർഷത്തിൽ വിമാനത്താവളം കൈകാര്യം ചെയ്തു.
ഓരോ മാസവും 40 ലക്ഷം യാത്രക്കാർ വിമാനത്താവളം വഴി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര യാത്രികരിൽ വലിയൊരു പങ്കും ദോഹ വഴി സഞ്ചരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രാദേശിക യാത്രയിലും 16 ശതമാനം വർധനയുണ്ടായി. ഖത്തറിലേക്ക് വന്ന് പോകുന്നവരും വിനോദ സഞ്ചരികളും ഉൾപ്പെടെയുള്ളവരുടെ എണ്ണത്തിലാണ് ഈ വർധന. 55 എയർലൈൻ കമ്പനികൾ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 197 നഗരങ്ങളിലേക്ക് ഹമദ് വിമാനത്താവളത്തിൽനിന്ന് നേരിട്ട് വിമാന സർവീസുകളുണ്ട്. ചൈന സതേൺ എയർലൈൻ, ഷെൻഷെൻ എയർലൈൻ, ജപ്പാൻ എയർലൈൻ, ഗരുഡ ഇന്തോനേഷ്യ, ആകാശ എയർ എന്നിവ കഴിഞ്ഞ വർഷം പുതിയതായി ദോഹയിൽനിന്നും സർവീസ് ആരംഭിച്ചവയാണ്. ഒസാക, ഹാംബർഗ്, ലിസ്ബൺ, ടൊറന്റോ തുടങ്ങിയ നഗരങ്ങളിലേക്ക് ഖത്തർ എയർവേസും നേരിട്ട് സർവീസ് ആരംഭിച്ചു.
ഏറ്റവും കൂടുതൽ യാത്രക്കാരെന്ന റെക്കോഡ് ചൈനക്കാണ്. മറ്റ് ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കും കാര്യമായ വളർച്ച രേഖപ്പെടുത്തി. ബ്രിട്ടൻ, ജർമനി, സ്പെയിൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ യൂറോപ്യൻ നഗരങ്ങളിലേക്കും യാത്രക്കാരുടെ എണ്ണത്തിൽ ക്രമാതീ തമായ വളർച്ചയുണ്ടായി. ഖത്തറിന്റെ ആഗോള കവാടമായ ഹമദ് വിമാനത്താവളം പ്രവർത്തനമാരംഭിച്ചതിന്റെ പത്താം വാർഷികം കൂടിയായിരുന്നു 2024.