
നൊബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നര്‍ഗീസ് മുഹമ്മദിക്ക് താല്‍ക്കാലിക ജയില്‍ മോചനം അനുവദിച്ച് ഇറാന്‍ ഭരണകൂടം. ക്യാന്‍സറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ്ക്കായി 21 ദിവസത്തെ മോചനമാണ് നര്‍ഗീസിന് അനുവദിച്ചിരിക്കുന്നത്. അതേസമയം മോചന കാലയളവ് വളരെ ചെറുതാണ് എന്ന് നര്‍ഗീസ് മുഹമ്മദിയുടെ കുടുംബം പ്രതികരിച്ചു. വൈകിപ്പോയ തീരുമാനമാണിത് എന്നും കുടുംബം അഭിപ്രായപ്പെട്ടു.
മൂന്ന് മാസത്തേക്ക് മോചനം അനുവദിക്കണം എന്നായിരുന്നു കുടുംബത്തിന്റെ അഭ്യര്‍ത്ഥന. നര്‍ഗീസ് നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് എന്ന് കുടുംബം സി എന്‍ എന്നിനോട് പറഞ്ഞു. വലത് കാലിലെ അസ്ഥിയുടെ ഒരു ഭാഗം നീക്കം ചെയ്യുന്നതിനായി നവംബറില്‍ നര്‍ഗീസിന് ഒരു ഓപ്പറേഷന്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ അര്‍ബുദമാണെന്ന് സംശയിക്കുന്ന ഒരു മുറിവ് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.
ചൊവ്വാഴ്ചയാണ് നര്‍ഗീസിന് മോചനം അനുവദിച്ചത്. ബുധനാഴ്ച ജയിലില്‍ നിന്ന് ആംബുലന്‍സിലാണ് നര്‍ഗീസ് വീട്ടിലേക്ക് തിരിച്ചത്. ഇറാന്‍ അധികൃതര്‍ ഇളവ് നല്‍കാത്തതിനാല്‍ ആംബുലന്‍സ് ഫീസും നര്‍ഗീസിന് നല്‍കേണ്ടി വന്നു. ‘ഒരു ദശാബ്ദത്തിലേറെ നീണ്ട ജയില്‍ വാസത്തിന് ശേഷം നര്‍ഗീസിന് സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷത്തില്‍ പ്രത്യേക വൈദ്യസഹായം ആവശ്യമായിരുന്നു എന്നാണ് നര്‍ഗീസ് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നത്.
കുറഞ്ഞത് മൂന്ന് മാസത്തെ വീണ്ടെടുക്കല്‍ അവരുടെ രോഗ ശാന്തിക്ക് നിര്‍ണായകമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നര്‍ഗീസിന് സുഖം പ്രാപിക്കാന്‍ മതിയായ സമയം നല്‍കുന്നില്ലെന്ന് ഫൗണ്ടേഷന്‍ വിമര്‍ശിച്ചു. കാന്‍സര്‍ രോഗ നിര്‍ണയം സ്ഥിരീകരിക്കുന്നതിന് ആവശ്യമായ ശസ്ത്രക്രിയ നഷ്ടപ്പെടുത്തി ഇറാനിയന്‍ ഭരണകൂടം നര്‍ഗീസിനെ സാവധാനം കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്.
ചികിത്സിക്കുന്നതിലെ ഏത് കാലതാമസവും മാരകമാണെന്ന് കുടുംബവും അഭിഭാഷകനും മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്തിടെ നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ സന്ധിവാതം, ഡിസ്‌ക് രോഗം എന്നിവ കണ്ടെത്തിയിരുന്നു. 2021 ല്‍ ഹൃദയാഘാതമുണ്ടായതിനെ ത്തുടര്‍ന്ന് നര്‍ഗീസിന് ആന്‍ജിയോഗ്രാഫി നടത്താന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇറാനിയന്‍ ഭരണകൂടത്തിന്റെ വിമര്‍ശകരെ പാര്‍പ്പിക്കുന്നതില്‍ കുപ്രസിദ്ധമായ ടെഹ്റാനിലെ എവിന്‍ ജയിലില്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി തടവിലാണ് നര്‍ഗീസ് മുഹമ്മദി. രാജ്യസുരക്ഷയ്ക്കെതിരായി പ്രവര്‍ത്തിക്കുകയും ഭരണകൂടത്തിനെതിരെ കുപ്രചരണം നടത്തുകയും ചെയ്തുവെന്നാരോപിച്ച് 30 വര്‍ഷത്തിലേറെയായി ഒന്നിലധികം ശിക്ഷകള്‍ അനുഭവിച്ച് വരികയാണ് അവര്‍. 2023 ല്‍ ആണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നര്‍ഗീസിനെ തിരഞ്ഞെടുക്കുന്നത്.