ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ന്യൂഡൽഹി: മെഡിയ്ക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി.യിൽ ക്രമക്കേടുണ്ടായെന്ന് ഒടുവിൽ സമ്മതിച്ച് കേന്ദ്രം. രണ്ടിടത്ത് ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഒഡിഷയിലെ സാംബൽപുരിൽ പറഞ്ഞു. സർക്കാർ ഇത് ഗൗരവമായെടുത്തിട്ടുണ്ടെന്നും കുറ്റംചെയ്തവർ ആരായാലും കർശനനടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള ദേശീയ പരീക്ഷാ ഏജൻസിയിലെ (എൻ.ടി.എ.) ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും. എൻ.ടി.എ.യെ മെച്ചപ്പെടുത്താൻ ഏറെ മാറ്റങ്ങൾ ആവശ്യമാണെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ചോദ്യപ്പേപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്നും വിട്ടുവീഴ്ചചെയ്തിട്ടില്ലെന്നും എൻ.ടി.എ. ആവർത്തിക്കുന്നതിനിടെയാണ് വിദ്യാഭ്യാസമന്ത്രിയുടെ തുറന്നുപറച്ചിൽ. ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് നീറ്റിന്റെ വിശുദ്ധി ചോദ്യംചെയ്യപ്പെട്ടതായി സുപ്രീംകോടതിയും നിരീക്ഷിച്ചിരുന്നു.
ക്രമക്കേട് ബിഹാറിലും ഗുജറാത്തിലും?
എവിടെയാണ്, എങ്ങനെയാണ് ക്രമക്കേടുനടന്നതെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ലെങ്കിലും ബിഹാറിലും ഗുജറാത്തിലുമാണെന്നാണ് സൂചന. ചോദ്യപ്പേപ്പർ ചോർന്നതായി ബിഹാർ പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്കായി നൽകിയ ആറുചെക്കുകൾ ബിഹാർ പോലീസിന്റെ സാമ്പത്തികകുറ്റാന്വേഷണവിഭാഗം കഴിഞ്ഞദിവസം കണ്ടെടുത്തു. സംഭവത്തിൽ 13 പേർ അറസ്റ്റിലുമായി.
പരീക്ഷയിൽ ഉയർന്ന മാർക്കുവാങ്ങാൻ സഹായിക്കുന്ന സംഘത്തിലെ അഞ്ചുപേർ ഗുജറാത്തിൽ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഗോധ്രയിൽ ജയ് ജൽറാം സ്കൂൾ അധ്യാപകരും റോയ് ഓവർസീസ് എന്ന കോച്ചിങ് സെൻററിലെ പരിശീലകരുമാണ് അറസ്റ്റിലായത്. ഉയർന്ന മാർക്കോടെ വിദ്യാർഥികളുടെ വിജയം ഉറപ്പിക്കാൻ രക്ഷിതാക്കൾ 10 ലക്ഷം രൂപ നൽകിയെന്നാണ് പ്രാഥമികനിഗമനം. പരീക്ഷാഹാളിലെത്തുന്ന വിദ്യാർഥികൾ ചോദ്യപ്പേപ്പറിൽ അറിയാവുന്ന ഉത്തരംമാത്രം പൂരിപ്പിച്ചുനൽകി, ബാക്കി എൻട്രൻസ് കോച്ചിങ് സെന്റിലെ അധ്യാപകൻ എഴുതിനൽകിയെന്നാണ് പോലീസ് കണ്ടെത്തൽ. ക്രമക്കേടുകളിൽ 63 കേസെടുത്തെന്ന് എൻ.ടി.എ. നേരത്തേ വ്യക്തമാക്കിയിരുന്നു.
മേയ് അഞ്ചിനുനടന്ന പരീക്ഷയുടെ ഫലം ജൂൺ നാലിനാണ് പ്രഖ്യാപിച്ചത്. 67 വിദ്യാർഥികൾ മുഴുവൻ സ്കോറും (720/720) നേടി ഒന്നാംറാങ്കിൽ എത്തിയതോടെയാണ് ക്രമക്കേട് ചൂണ്ടിക്കാട്ടി വിദ്യാർഥികളടക്കം രംഗത്തെത്തിയത്. ഹരിയാണയിലെ ഒരു പരീക്ഷാകേന്ദ്രത്തിൽ ആറുപേർക്കാണ് ഒന്നാംറാങ്ക്. ഇതിനുപിന്നാലെ 1563 പേർക്ക് ഗ്രേസ് മാർക്ക് നൽകിയതും വിവാദമായി. തുടർന്ന് ഗ്രേസ് മാർക്ക് നൽകിയവർക്ക് എൻ.ടി.എ. ജൂൺ 23-ന് പുനഃപരീക്ഷയും പ്രഖ്യാപിച്ചു.
നീറ്റിന്റെ വിശ്വാസ്യതയിൽ സംശയം -കോൺഗ്രസ്
ന്യൂഡൽഹി: 23 ലക്ഷത്തിലധികം പേർ എഴുതിയ നീറ്റ് പരീക്ഷയുടെയും എൻ.ടി.എ.യുടെയും സുതാര്യതയും വിശ്വാസ്യതയും ചോദ്യംചെയ്ത് കോൺഗ്രസ്. നീറ്റ് സി.ബി.എസ്.ഇ. വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകുന്ന പരീക്ഷയാണെന്നും ഇക്കാര്യം ആദ്യഘട്ടത്തിൽ തമിഴ്‌നാട്ടിൽനിന്നുള്ള എം.പി.മാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയതാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് എക്സിൽ കുറിച്ചു. നീറ്റ്, എൻ.ടി.എ., എൻ.സി.ഇ.ആർ.ടി. എന്നിവയുടെ പ്രവർത്തനങ്ങൾ അവലോകനംചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളിൽ സുപ്രീംകോടതി നിയോഗിച്ച ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് മുൻ മാനവവിഭവശേഷി മന്ത്രിയും രാജ്യസഭാ എം.പി.യുമായ കപിൽ സിബൽ ആവശ്യപ്പെട്ടു. പാർലമെന്റിൽ വിഷയം ഉന്നയിക്കണമെന്ന് എല്ലാ രാഷ്ട്രീയപ്പാർട്ടികളോടും സിബൽ അഭ്യർഥിച്ചു.