ടെല്‍ അവീവിലെ ആക്രമണത്തിന് യമനിലെ ഹുദൈദില്‍ തിരിച്ചടി; സൈനിക നീക്കം പ്രഖ്യാപിച്ച് ഇസ്രയേലും ഹൂതികളും നേര്‍ക്കുനേര്‍: അരുതെന്ന് യു.എന്‍, ആശങ്കയറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍


ടെല്‍ അവീവ്: സൈനിക നീക്കം പ്രഖ്യാപിച്ച് ഇസ്രയേലും യെമനിലെ ഹൂതികളും. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ കഴിഞ്ഞ ദിവസം ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് ഇസ്രയേല്‍ സേന കനത്ത തിരിച്ചടി നല്‍കിയിരുന്നു. ഇന്നലെ രാത്രിയാണ് ഹൂതി നിയന്ത്രിത യമനിലെ ഹുദൈദ് പട്ടണത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്.

ഹുദൈദ് തുറമുഖത്തോട് ചേര്‍ന്ന എണ്ണ സംഭരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും മൂന്നു പേരെ കാണാതാവുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇനിയുള്ള നാളുകള്‍ ഇസ്രയേലുമായി നേരിട്ടുള്ള യുദ്ധത്തിന്റേതായിരിക്കുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചു.
.
ടെല്‍ അവീവിലുണ്ടായ ഹൂതി ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹൂതികളുടെ ഭാഗത്തു നിന്ന് വീണ്ടും ആക്രമണം ഉണ്ടായാല്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ യോഗം വിലയിരുത്തി. അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഹൂതികളുടെ സൈനിക ശേഷി ദുര്‍ബലപ്പെടുത്താനുള്ള നീക്കവും ഇസ്രയേല്‍ ആലോചിക്കുന്നുണ്ട്.

അതിനിടെ ഇന്നലെ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി. ഇസ്രായേല്‍-യെമന്‍ സംഘര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. യുദ്ധം വ്യാപിക്കുന്ന സാഹചര്യം ചെറുക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.

അതേസമയം ചെങ്കടലിലെ ഹൂതി ഇടപെടല്‍ സൂയസ് കനാല്‍ വഴിയുള്ള ചരക്ക് ഗതാഗത്തതെ ബാധിച്ചിട്ടുണ്ട്. ഇസ്രയേല്‍ ബന്ധം ആരോപിച്ച് മറ്റ് കപ്പലുകളെയും ഹൂതികള്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ വ്യാപാര നീക്കം വലിയ തോതില്‍ തടസപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ അമേരിക്ക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഹൂതികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

സൂയസ് കനാലിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചെങ്കടല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ കടല്‍ പാതകളിലൊന്നാണ്. ആഗോള ചരക്ക് വ്യാപാരത്തിന്റെ 12 ശതമാനം കടന്നു പോകുന്നതും ചെങ്കടല്‍ വഴിയാണ്.

ഗാസ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹൂതികള്‍ ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താന്‍ തുടങ്ങിയിരുന്നു. ആക്രമണങ്ങള്‍ ശക്തമായതോടെ പല ഷിപ്പിങ് കമ്പനികളും ഈ വഴിയുള്ള ഗതാഗതം നിര്‍ത്തി വയ്ക്കുകയും ദക്ഷിണാഫ്രിക്കയുടെ ഗുഡ് ഹോപ്പിന് ചുറ്റും വഴിതിരിച്ചു വിടാനും തുടങ്ങിയിരുന്നു.

എന്നാല്‍ യാത്രാ സമയവും ചെലവും ഗണ്യമായി വര്‍ധിപ്പിക്കുന്ന ഈ വഴി തിരിച്ചു വിടല്‍ ഷിപ്പിങ് കമ്പനികളെ സംബന്ധിച്ച് പ്രായോഗികമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ചെങ്കടലിലെ വാണിജ്യ ഗതാഗതം സംരക്ഷിക്കുന്നതിനായി കഴിഞ്ഞ ഡിസം ബറില്‍ ഇരുപതിലധികം രാജ്യങ്ങള്‍ ചേര്‍ന്ന് ‘ഓപ്പറേഷന്‍ പ്രോസ്പിരിറ്റി ഗാര്‍ഡിയന്‍’ എന്ന പ്രതിരോധ സഖ്യവും രൂപീകരിച്ചിരുന്നു.

അതിനിടെ ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയുമായി മുന്നോട്ടു പോകാന്‍ ഇസ്രയേല്‍ ഭരണകൂടം തീരുമാനിച്ചു. നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആറ് മണിക്കൂ റോളം നീണ്ട യോഗത്തില്‍ ചര്‍ച്ചയ്ക്കുള്ള സംഘത്തെ ദോഹയിലേക്ക് അയക്കാനും ധാരണയായി.


Read Previous

ബംഗളൂരുവില്‍ മലയാളി അധ്യാപിക ഡെങ്കിപ്പനി ബാധിച്ചു മരിച്ചു

Read Next

യൂട്യൂബ് സേവനങ്ങൾ സ്‌തംഭിച്ചു; വീഡിയോ കാണാനാകാതെ ജനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »