ഇസ്രയേൽ ആക്രമണം വീണ്ടും: 178 പേർ കൊല്ലപ്പെട്ടു


ജറുസലം: വെടിനിർത്തൽ നീട്ടാനുള്ള ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റഫാ എന്നീ നഗരങ്ങളിലെ 8 പാർപ്പിടകേന്ദ്രങ്ങളിൽ ഇന്നലെ രാവിലെ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണങ്ങളിൽ 178  പലസ്തീൻകാർ കൊല്ലപ്പെട്ടു. 589 പേർക്കു പരുക്കേറ്റു.

വടക്കൻ ഗാസയിൽനിന്നു വീടുവിട്ടോടിയ ആയിരങ്ങൾ അഭയം തേടിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണം. വടക്കൻ, മധ്യ ഗാസയിലെ ഒട്ടേറെ വീടുകളും ബോംബിട്ടുതകർത്തു. ഖാൻയൂനിസിന്റെ കിഴക്കൻ മേഖലയിലുള്ളവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ നോട്ടിസുകൾ വിതറി. ഇതോടെ പടിഞ്ഞാറൻ മേഖലയിലേക്കു ജനങ്ങൾ കാൽനടയായി വീണ്ടും പലായനം തുടങ്ങി. 

നവംബർ 24 ന് ആരംഭിച്ച വെടിനിർത്തൽ ഇന്നലെ രാവിലെ 7നാണ് അവസാനിച്ചത്. 2 മണിക്കൂറിനകം ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചു. ഇതോടെ റഫാ ഇടനാഴി വഴി ഗാസയിലേക്കുള്ള സഹായവിതരണവും സ്തംഭിച്ചു. മരുന്നും ഭക്ഷ്യവസ്തുക്കളും ഇന്ധനവുമായെത്തിയ ട്രക്കുകൾ ഈജിപ്ത് അതിർത്തിയിൽ നിർത്തിയിട്ടു.

ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം തുടരുന്നതിൽ പൊതുധാരണയിലെത്താൻ കഴിയാതെവന്നതോടെയാണു വെടിനിർത്തൽ പരാജയപ്പെട്ടത്. വ്യാഴാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ–പലസ്തീൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെടിനിർത്തൽ തുടരണമെന്ന യുഎസ് ആവശ്യം ഇസ്രയേൽ അംഗീകരിച്ചില്ല.

ഹമാസിനെ ഇല്ലായ്മ ചെയ്യുംവരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 15,000 ൽ ഏറെപ്പേരാണു കൊല്ലപ്പെട്ടത്. ഒരാഴ്ച നീണ്ട വെടിനിർത്തലിനിടെ 105 ബന്ദികളെ ഹമാസ് വിട്ടയച്ചു. ഇസ്രയേൽ 240 പലസ്തീൻ തടവുകാരെയും മോചിപ്പിച്ചു.


Read Previous

ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണം; സൗദി അറേബ്യ

Read Next

യുഎൻ സമിതിയിൽ റഷ്യയ്ക്ക് വീണ്ടും തോൽവി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »