ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദോഹ: ഖത്തറിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം. ഗൾഫ് രാജ്യത്ത് ഹമാസിൻ്റെ രാഷ്ട്രീയ നേതൃത്വത്തിന് നേരെ ഇസ്രയേൽ നടത്തുന്ന ആദ്യ ആക്രമണമാണിത്. ഇതോടെ ഇസ്രയേൽ-ഹമാസ് യുദ്ധം പുതിയ തലങ്ങളിലേക്ക് കടന്നു. അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ ഖത്തർ ഒരു പതിറ്റാണ്ടിലേറെയായി ഹമാസിൻ്റെ രാഷ്ട്രീയ നേതൃത്വത്തിന് ആതിഥേയത്വം വഹിക്കുന്നുണ്ട്. ഗാസയിലെ 22 മാസത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ വാഷിങ്ടണിനൊപ്പം ഖത്തറിനും പ്രധാന പങ്കുണ്ട്. ഹമാസിൻ്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രയേൽ അറിയിച്ചു. സാധാരണക്കാർക്ക് നാശനഷ്ടങ്ങളുണ്ടാവാതിരിക്കാൻ കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഖത്തർ തലസ്ഥാനമായ ദോഹയിലെ രണ്ട് താമസക്കാർ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായും അറിയിച്ചു.
ഖത്തറിൻ്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെയുണ്ടായ ഗുരുതരമായ ഭീഷണിയാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
‘അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം’
ദോഹയിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഖത്തർ പ്രതികരിച്ചു. ദോഹയിലെ ഒരു പാർപ്പിട സമുച്ചയ ത്തിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. അതേസമയം ഇസ്രയേൽ സൈന്യം ആക്രമണം സ്ഥിരീകരിച്ചെങ്കിലും സ്ഥലം വ്യക്തമാക്കിയിട്ടില്ല. ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിക്കുന്ന സ്ഥലമാണ് ആക്രമിക്കപ്പെട്ടതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി അറിയിച്ചു. ഖത്തറിൻ്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെയുണ്ടായ ഗുരുതരമായ ഭീഷണിയാണിതെന്നും ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഉച്ചത്തിലുള്ള സ്ഫോടന ശബ്ദവും കറുത്ത പുകയും’
ആക്രമണത്തിന് ശേഷം ദോഹയിൽ ഉച്ചത്തിലുള്ള സ്ഫോടന ശബ്ദവും കറുത്ത പുകയും കണ്ടതായി റിപ്പോർട്ടുകളുണ്ട്. ഇസ്രയേലിൻ്റെ ഈ അശ്രദ്ധമായ നടപടിയും മേഖലയുടെ സുരക്ഷയിലുള്ള തുടർച്ചയായ കൈകടത്തലുകളും ഖത്തർ വച്ചുപൊറുപ്പിക്കില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, ആക്രമണത്തിൽ ആളപായം സംഭവിച്ചതായി ഇതുവരെ സ്ഥിരീകരണമില്ല. പലസ്തീൻ ഗ്രൂപ്പായ ഹമാസിൻ്റെ രാഷ്ട്രീയകാര്യ വിഭാഗം പ്രവർത്തിക്കുന്ന ഖത്തർ തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ, മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
ഇസ്രയേൽ സൈന്യത്തിൻ്റെ പ്രതികരണം
‘ഹമാസിൻ്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രതിരോധ സേനയും (ഐഡിഎഫ്) സുരക്ഷാ ഏജൻസിയും കൃത്യമായ ആക്രമണം നടത്തി’ എന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ആക്രമണം നടന്ന സ്ഥലം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ സൈന്യം നൽകിയില്ല. ‘വർഷങ്ങളായി, ഈ ഹമാസ് നേതാക്കൾ ഭീകര സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. 2023 ഒക്ടോബർ 7-ലെ കൂട്ടക്കൊലയ്ക്ക് ഇവർ നേരിട്ട് ഉത്തരവാദികളാണ്. ഇസ്രയേലിനെതിരായ യുദ്ധം ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ഇവരാണ്’ എന്നും സൈന്യം കൂട്ടിച്ചേർത്തു.
പിന്തുണയുമായി അറബ് രാഷ്ട്രങ്ങൾ
ഇസ്രയേൽ ആക്രമണത്തെ സൗദി അറേബ്യയും യുഎഇയും അപലപിച്ചു. ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച യുഎഇ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഗൾഫ് രാജ്യങ്ങൾ ഖത്തറിന് പിന്തുണയുമായി രംഗത്തെത്തി. ആക്രമണത്തിന് പിന്നാലെ ഖത്തറിലെ യുഎസ് എംബസി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. അമേരിക്കൻ പൗരന്മാർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും വീടുകൾക്ക് പുറത്തിറങ്ങരുതെന്നും എംബസി നിർദേശം നൽകി. ഇതിനിടെ, ഇസ്രയേൽ ആക്രമണം ഖത്തറിലെ വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും സർവീസുകൾ സാധാരണ നിലയിൽ നടക്കുന്നുണ്ടെന്നും ഖത്തർ അധികൃതർ അറിയിച്ചു.
സൈനിക മേധാവിയുടെ പ്രഖ്യാപനം
സെപ്റ്റംബർ 9ന് നടന്ന ഈ ആക്രമണം, വിദേശത്തുള്ള ഹമാസ് നേതാക്കളെ ലക്ഷ്യമിടുമെന്ന് രണ്ടാഴ്ച മുൻപ് സൈനിക മേധാവി ലഫ്റ്റനൻ്റ് ജനറൽ എയൽ സാമിർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്. ഹമാസി ൻ്റെ രാഷ്ട്രീയ വിഭാഗം പ്രവർത്തിക്കുന്ന ദോഹയിലെ പാർപ്പിട സമുച്ചയങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഖത്തർ ആരോപിച്ചു. ഈ ആക്രമണത്തെ ‘ഭീരുത്വം നിറഞ്ഞത്’ എന്ന് വിശേഷിപ്പിച്ച ഖത്തർ ശക്തമായ ഭാഷയിൽ അപലപിച്ചു.
സമാധാന ചർച്ചകളും മുന്നറിയിപ്പും
ഏകദേശം രണ്ട് വർഷം നീണ്ട ഗാസ യുദ്ധത്തിൽ ഖത്തർ, ഈജിപ്ത്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുടെ നേതൃത്വത്തിൽ ഇസ്രയേലും ഹമാസും നിരവധി തവണ പരോക്ഷ വെടിനിർത്തൽ ചർച്ചകൾ നടത്തിയി രുന്നു. രണ്ട് താത്കാലിക വെടിനിർത്തലുകൾ ഉണ്ടായെങ്കിലും, സ്ഥിരമായ ഒരു സമാധാനം കൊണ്ടു വരുന്നതിൽ ഈ ചർച്ചകൾ പരാജയപ്പെട്ടു.
ഞായറാഴ്ച, വെടിനിർത്തൽ കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ ഭാഗത്ത് നിന്നുള്ള ചില നിർദേശങ്ങൾ വന്നതിനെ തുടർന്ന് ഉടൻ തന്നെ ചർച്ചകൾക്ക് തയ്യാറാണെന്ന് ഹമാസ് അറിയിച്ചിരുന്നു. അതേ ദിവസം തന്നെ, 2023 ഒക്ടോബറിൽ നടന്ന ആക്രമണത്തിൽ തട്ടിക്കൊണ്ടുപോയ ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ അംഗീകരിക്കണമെന്ന ‘അവസാന മുന്നറിയിപ്പ്’ ഹമാസിന് നൽകിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
