സൗദി അറേബ്യയെ വിടാതെ ഇസ്രായേല്‍; ഒരു അറബ് രാജ്യം കൂടി അബ്രഹാം കരാറിന്റെ ഭാഗമാകുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി, ഇസ്രായേല്‍ അല്ല സൗദിയുടെ ശത്രുവെന്നും ഇറാനാണെന്നും മന്ത്രി കോഹന്‍


ടെല്‍ അവീവ്: ഇസ്രായേലുമായി പരസ്യമായി ബന്ധമില്ലാത്ത രാജ്യമാണ് സൗദി അറേബ്യ. രഹസ്യമായി ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുന്നു എന്ന വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും സൗദി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പലസ്തീന്‍ രാജ്യം നിലവില്‍ വന്നാല്‍ മാത്രമേ ഇസ്രായേലിനെ അംഗീകരിക്കൂ എന്നാണ് സൗദിയുടെ നിലപാട്.

എന്നാല്‍ ഇസ്രായേല്‍ പുറത്തുവിടുന്ന വിവരങ്ങള്‍ നേരെ മറിച്ചാണ്. സൗദിയുമായി അടുക്കുന്നതിന്റെ വ്യക്തമായ സൂചന ഇസ്രായേല്‍ നല്‍കുന്നു. യുഎഇയുമായി ബന്ധം സ്ഥാപിച്ച രാജ്യമാണ് ഇസ്രായേല്‍. പിന്നാലെ ബഹ്‌റൈനുമായും ബന്ധം സ്ഥാപിച്ചു. സൗദിയാണ് അടുത്ത ലക്ഷ്യമെന്ന് ഇസ്രായേല്‍ പറയുന്നു. മറ്റൊരു സുപ്രധാന കാര്യംകൂടി ഇസ്രായേല്‍ ഇപ്പോള്‍ പരസ്യമാക്കിയി രിക്കുന്നു.

സൗദി അറേബ്യ വൈകാതെ സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേല്‍ വിദേശകാര്യമന്ത്രി എലി കോഹന്‍. അസര്‍ബൈജാനില്‍ സന്ദര്‍ശന ത്തിനെത്തിയ വേളയില്‍ ഇസ്രായേലിന്റെ ആര്‍മി റേഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം ഇസ്രായേലുമായി ഒരു അറബ് രാജ്യം കൂടി ബന്ധം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയെ ഉന്നമിട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സൗദി അറേബ്യ വൈകാതെ സന്ദര്‍ശിക്കുമെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ, തിയ്യതി വ്യക്തമാക്കിയില്ല. ഒരു കാലത്ത് ഇസ്രായേലിനെ അറബ് രാജ്യങ്ങള്‍ അകറ്റി നിര്‍ത്തിയതായിരുന്നു. ആദ്യം ബന്ധം സ്ഥാപിച്ചത് ഈജിപ്താണ്. പിന്നീട് ജോര്‍ദാനും. അപ്പോഴും ഗള്‍ഫിലെ സമ്പന്ന രാജ്യങ്ങള്‍ ഇസ്രായേലിനോട് മുഖം തിരിച്ചു. ഇതിലും മാറ്റമുണ്ടായി. 2020ലാണ് ഇസ്രായേലുമായി യുഎഇ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയിലായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ യാഥാര്‍ഥ്യമായത്. അബ്രഹാം കരാര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. യുഎഇക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രായേലുമായി അടുത്തു. ശേഷം മൊറോക്കോയും സുഡാനും ബന്ധം സ്ഥാപിച്ചു.

സൗദിയുമായി ബന്ധം ശക്തമാകുന്നു എന്ന വ്യക്തമായ സൂചന കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയിരുന്നു. സൗദിയുമായി അടുക്കുന്നത് ഇസ്രായേല്‍-അറബ് ബന്ധത്തില്‍ വലിയ ചുവടായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു അറബ് രാജ്യം കൂടി അബ്രഹാം കരാറിന്റെ ഭാഗമാകുമെ ന്നാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്.

ഇസ്രായേല്‍ അല്ല സൗദിയുടെ ശത്രുവെന്നും ഇറാനാണെന്നും മന്ത്രി കോഹന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്കന്‍ റിപബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതായിരുന്നു പ്രധാന വിഷയമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘

അതേസമയം, സൗദിയും ഇറാനും തമ്മില്‍ അടുത്തത് ഇസ്രായേലിന് തിരിച്ചടിയായി ട്ടുണ്ട്. ചൈനയുടെ മധ്യസ്ഥതയാണ് ഇതിന് കാരണമായത്. മാര്‍ച്ചില്‍ ഇരുരാജ്യങ്ങളു ടെയും കരാര്‍ നിലവില്‍ വന്നു. അംബാസഡര്‍മാരെ നിയമിക്കാനുള്ള ഒരുക്കത്തിലാണ്. ഇരുരാജ്യങ്ങളും തലവന്‍മാരെ പരസ്പരം ക്ഷണിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് യമനിലും സിറിയയിലും സമാധാനം പുലരുമെന്ന് കരുതുന്നതിനിടെയാണ് ഇസ്രാ യേലും സൗദിയുമായി അടുക്കുന്നത്. കഴിഞ്ഞ ദിവസം പലസ്തീന്‍ പ്രതിനിധികള്‍ സൗദിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു.


Read Previous

ഇന്ത്യന്‍ യുവതി, യുകെ മാരത്തണില്‍ സാരി ഉടുത്ത് ഓടി, വൈറലായി

Read Next

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ; ഒമാനിൽ പെരുന്നാൾ നാളെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »