റിയാദ് 74ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉത്സവ് ആരംഭിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച പഴം പച്ചക്കറികളുള്‍പ്പെടെയുള്ള ഭക്ഷ്യ വൈവിധ്യങ്ങളുമായി നടക്കുന്ന ഉത്സവ് റിയാദ് മുറബ്ബ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു.

സൗദി ലുലു ഡയറക്ടര്‍ ഷഹീം മുഹമ്മദ്, ലുലുവിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഈ മാസം 30 വരെയാണ് ഇന്ത്യന്‍ ഉത്സവ്. പഴം, പച്ചക്കറികള്‍ക്ക് പുറമെ ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടക്കം 12700 ഇനങ്ങളാണ് ഉത്സവത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരി ക്കുന്നത്.
ബിരിയാണികളും കറികളുമുള്‍പ്പെടെ ചൂടുള്ള ഭക്ഷണങ്ങളും സ്ട്രീറ്റ് ഫുഡുകളും പരമ്പരാഗത ബേക്കറികളും ഉത്സവത്തിലെ കൊതിയൂറുന്ന രുചിക്കൂട്ടുകളാണ്.
ഇന്ത്യന്‍ ഭക്ഷ്യ വൈവിധ്യങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്ന ലുലു ഗ്രൂപിന്റെ ഉദ്യമത്തെ പ്രശംസിച്ച അംബാസഡര്‍ ഇന്ത്യ – സൗദി വാണിജ്യ സംസ്‌കാരിക ബന്ധങ്ങള്‍ക്ക് ലുലു ഗ്രൂപ്പ് നല്‍കുന്ന പ്രോത്സാഹനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന് അടിവരയിടുന്നതാണെന്ന് പറഞ്ഞു.
സൗദി അറേബ്യയില്‍ ലുലു ഗ്രൂപ് ദീര്‍ഘദൃഷ്ടിയോടെ നടപ്പാക്കുന്ന പദ്ധതികള്‍ വഴി ഇന്ത്യക്കാര്‍ക്കും സൗദി പൗരന്മാര്‍ക്കും തൊഴിലവസരങ്ങള്‍ വര്‍ധിച്ചെന്നും ഇത് സൗദിയുടെ ശോഭന ഭാവിക്ക് മികച്ച സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.