
മാനന്തവാടി: കൊലയാളി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യവുമായി ബാവലി ചെക്പോസ്റ്റ് കടന്ന കേരളസംഘത്തെ കര്‍ണാടക വനംവകുപ്പ് ജീവനക്കാർ തടഞ്ഞതായി ആക്ഷേപം. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. ബേഗൂര്‍ റേഞ്ച് ഓഫിസർ ഉൾപ്പെടെയുള്ളവരെയാണ് കർണാടക ഉദ്യോഗസ്ഥർ തടഞ്ഞത്. ‘കര്‍ണാടകയിലെ കാര്യം ഞങ്ങള്‍ നോക്കു’മെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോർട്ട്.
ബേലൂർ മഖ്നയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം ഇന്ന് പന്ത്രണ്ടാം ദിനത്തിലേക്കു കടന്നു. കേരളത്തിൽ ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാന നിലവിൽ കർണാടക വനമേഖലയിലാണ് ഉള്ളത്.
അതിനിടെ, ജനവാസ മേഖലകളിൽ വന്യജീവികൾ ഇറങ്ങുന്നതും ആക്രമിക്കുന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ ഇടപെടാൻ വയനാട്ടിൽ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ മന്ത്രിസഭാ ഉപസമിതി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു. വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവർക്കും പരുക്കേൽക്കുന്നവർക്കുമുള്ള നഷ്ടപരിഹാരം ഉയർത്തുന്നത് മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്നും ഉപസമിതി അറിയിച്ചു. വന്യജീവി ആക്രമണങ്ങളെയും മരണങ്ങളെയും തുടർന്ന് ജനരോഷം ശക്തമായതിനെ തുടർന്നാണ് മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, കെ.രാജൻ, എം.ബി.രാജേഷ് എന്നിവർ ഇന്നലെ ജില്ലയിലെത്തിയത്.
15 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനു പുറമെ ജനങ്ങളുന്നയിച്ച നിർദേശങ്ങൾകൂടി പരിഗണിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. ജില്ലയിൽ അടുത്തിടെ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തവരുടെ വീടുകളും മന്ത്രിമാർ സന്ദർശിച്ചു.
അതിനിടെ, വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഇന്ന് വയനാട്ടിലെത്തും. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. സർക്കാരിനെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്ന് കലക്ടറേറ്റ് മാർച്ചും നടത്തുന്നുണ്ട്.