
റിയാദ് : അതി ശൈത്യത്തിനിടയിലും ആവേശം ജ്വലിപ്പിച്ച് കേളിയുടെ 24-ാം വാർഷികാഘോഷം. റിയാദിലെ മലാസ് ഡ്യൂൺസ് ഇൻ്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ കേളി കലാസാംസ്കാരിക വേദിയുടെ 24-ാം വാർഷിക പരിപാടികൾ അക്ഷരാർഥത്തിൽ കാണികളെ ത്രസിപ്പിച്ചു. കേളിയുടെയും കേളി കുടുംബ വേദിയുടേയും കലാകാരന്മാർ ഒരുക്കിയ ആനുകാലിക പ്രസക്തിയുള്ള കലാ പ്രകടനങ്ങൾ കാണികൾക്ക് ചിരിക്കാനും ചിന്തിക്കാനും, സ്വയം മറന്ന് ആസ്വദിക്കാനുമുള്ള വേദിയായി.
രാവിലെ 10 മണിക്ക് ബത്ത ഏരിയയിലെ കൃഷ്ണകുമാർ ആലപിച്ച കേരളം എന്ന് തുടങ്ങുന്ന ഗാനത്തോടെ ആരംഭിച്ച പരിപാടി രാത്രി 11 മണിവരെ നിന്നു. സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, കുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, ഒപ്പന, മാർഗം കളി, നാടകം, സ്കിറ്റ്, വിപ്ലവ ഗാനം, സംഘഗാനം, സൂഫി ഡാൻസ്, വിൽ കലാമേള, ക്ലാസിക്കൽ ഡാൻസ്, വഞ്ചിപ്പാട്ട്, കോൽക്കളി, ദഫ് മുട്ട്, നാടൻ പാട്ട്, സ്കേറ്റിംഗ് ഷോ തുടങ്ങീ നാട്ടിലെ കലോത്സവ വേദിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ 49 പരിപാടികൾ അരങ്ങേറി.

വിസ്മൃതിയിലേക്ക് തള്ളിവിട്ടിട്ടുള്ള പല ചരിത്രങ്ങളും ആധുനിക പശ്ചാത്തലത്തിൽ കലകളിലൂടെ നമ്മെ ഓർമിപ്പിക്കുന്ന ഒട്ടനവധി മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് സദസ്സിനെ ആഴത്തിൽ ചിന്തിപ്പിക്കുന്നതായി. കണ്ണിനെ ഈറനണിയിച്ച് വയനാട് ചൂരൽമല ദുരന്തവും, ആവേശം വാനോളമർത്തി 42 കലാകാരന്മാർ അണിനിരന്ന ഒപ്പനയും, നവോത്ഥാന മുന്നേറ്റത്തെ ഓർമ്മിപ്പിക്കുന്ന ചണ്ഡാലഭിക്ഷുകിയും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു.
കുട്ടികളുടെ പ്രകടനങ്ങൾ ആരെയും അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. നാട്ടിൽ നിന്നും ജോലിക്കായെത്തി 12ഉം 14ഉം മണിക്കൂർ ജോലി ചെയ്തതിന് ശേഷം കിട്ടുന്ന സമയങ്ങളിൽ പരിശീലനം നടത്തി കലാകാരന്മാർ അവതരിപ്പിച്ച ഓരോ പരിപാടിയും യഥാർത്ഥ കലാകാരൻമാരോട് കിട പിടിക്കുന്ന തരത്തിലായി. കുടുംബ വേദിയിലെ വനിതകൾ അവതരിപ്പിച്ച പരിപാടികൾ പ്രമേയം കൊണ്ടും പ്രകടനം കൊണ്ടും വ്യത്യസ്ഥത പുലർത്തി.സ്ത്രീത്വത്തിന്റെ ബഹുമുഖമായ യാത്രകളെ പ്രമേയമാക്കിക്കൊണ്ട് അനാമികരാജിന്റെ നേതൃത്വത്തിൽ നടത്തിയ തീം ഡാൻസ് നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

വൈകിട്ട് ആറുമണിയോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി സെക്കൻ്റ് സെക്രട്ടറി എസ് കെ നായക് ഉദ്ഘാടനം ചെയ്തു. ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് മുഖ്യ പ്രഭാഷണം നടത്തി. ‘കിത്താബ്’ ദി ബാൻഡ് ഓഫ് ഹാർമണി എന്ന പുതിയ ഗാനമേള ടീം ഒരുക്കിയ മികവാർന്ന ഗാന വിരുന്ന് സമാപനത്തിന് കൊഴുപ്പേകി. സുഹൈബ് മലകർ, തഷിൻ, രഞ്ജിത്ത്, ശബാന അൻഷാദ്, അക്ഷയ് സുധീർ, അഞ്ജലി സുധീർ എന്നിവർ ഗാനമേളക്ക് നേതൃത്വം നൽകി.

കേളിയുടെ 24 വർഷത്തെ ചരിത്രം വിളിച്ചോതുന്ന ചിത്രപ്രദർശനത്തിന് സുകേഷ് കുമാർ നേതൃത്വം നൽകി. പ്രോഗ്രാം കമ്മറ്റി കൺവീനറായി ഫൈസൽ കൊണ്ടോട്ടിയും, ചുമതലക്കാരനായി സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാക്കും പ്രവർത്തിച്ചു. പബ്ലിസിറ്റി കൺവീനറായി ബിജു തായമ്പത്ത്, വളണ്ടിയർ ക്യാപ്റ്റനായി ഗഫൂർ ആനമങ്ങാട്, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ കൺവീനറായി റിയാസ് പള്ളാട്ട്, സാമ്പത്തികം സുനിൽ സുകുമാരൻ, കരീം പൈങ്ങാട്ടൂർ ,ഭക്ഷണം ഗതാഗതം കിഷോർ ഇ നിസാം എന്നിവരും പ്രവർത്തിച്ചു. സ്റ്റേജ് & ഡക്കറേഷൻ ചുമതലക്കാരനായി മധു ബാലശ്ശേരി, ഭക്ഷണ കമ്മറ്റി ചുമതലക്കാരനായി ഹാരീസ് നസ്സീം എന്നിവരുംപ്രവർത്തിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ നൗഫൽ സിദ്ദിക്ക്, വൈസ് ചെയർ പേഴ്സൺ ശ്രീഷ സുകേഷ്,സംഘാടക സമിതി ജോയിന്റ് കൺവീനർ റഫീക്ക് പാലത്ത് എന്നിവരോടൊപ്പം കേളി കേന്ദ്ര കമ്മറ്റി അംഗങ്ങൾ, കേളി അംഗങ്ങൾ, കുടുംബവേദി അംഗങ്ങൾ എന്നിവരും കേളി 2025 -ന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ചു.
സംഘാടക സമിതി ചെയർമാൻ രജീഷ് പിണറായി സ്വാഗതവും കൺവീനർ റഫീക് ചാലിയം നന്ദിയും പറഞ്ഞു.