തിരുവനന്തപുരം: പ്രചരണത്തിന് ആള് കുറഞ്ഞതിൽ അണികളോട് ക്ഷോഭിച്ച സംഭവത്തിൽ വിശദീകരണവുമായി തൃശൂർ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി. തിരുവനന്തപുരത്തേക്ക് പോകും എന്ന് പറഞ്ഞത് പ്രവര്‍ത്തകരെ പേടിപ്പിക്കാൻ വേണ്ടിയാണെന്നും അവരെ വഴക്ക് പറയാനുള്ള അവകാശം തനിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരുവനന്തപുരത്തേക്ക് പോകുമെന്ന് പറഞ്ഞത് പേടിപ്പിക്കുന്നതിന്റെ ഭാഗം തന്നെയാണ്. അവര് ചെയ്യാനുള്ള എന്റെ ജോലി ചെയ്യണം. ഇല്ലെങ്കിൽ എനിക്ക് എന്റെ ജോലി ചെയ്യാൻ പറ്റില്ല. നാളെ ഞാൻ ജയിച്ച് കഴിഞ്ഞാലും പാർട്ടിയുടെ അണികളാണ് അവരുടെ വിഷയം എന്താണെന്ന് എന്റെ അടുത്ത് എത്തിക്കേണ്ടത്.
ഞാൻ പോകാറായപ്പോൾ ആണ് ആദിവാസികൾ വന്ന് പറയുന്നത് ഞങ്ങളുടെ 18 തികഞ്ഞ മക്കളുടെ വോട്ട് ചേർത്തിട്ടില്ലെന്ന്. അപ്പോൾ പിന്നെ ഞാൻ എന്റെ അണികളെ വഴക്ക് പറയും. അത് പറയാനുള്ള അവകാശം എനിക്കുണ്ട്. ജയിച്ച് കഴിഞ്ഞാൽ അവർ അന്നും ഇങ്ങനെ ചെയ്തില്ലെങ്കിൽ അന്നും ഞാൻ വഴക്ക് പറയും. അവരെ തലോടാനും വഴക്ക് പറയാനും അവകാശം ഉണ്ട്.
എന്റെ വീഡിയോ പ്രചരിപ്പിച്ചവർക്കുള്ള മറുപടി ഞാൻ കൊടുക്കും. മോദി എന്ന് പറയു്നന മനുഷ്യനെ നിങ്ങൾ എന്തൊക്കെ പറഞ്ഞു. ലോകത്തിന്റെ നെറുകയിൽ കൊണ്ട് ഭാരതത്തെ നാട്ടിയ വ്യക്തിയാണ് അദ്ദേഹം. നിങ്ങൾ എത്രത്തോളം അവഹേളിക്കുന്നുവോ അത്രത്തോളം ഞങ്ങൾ ഉയർക്കും’, സുരേഷ് ഗോപി പറഞ്ഞു. ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദർശനത്തിനിടെ ആള് കുറഞ്ഞതിലാണ് സുരേഷ് ഗോപി പ്രവർത്തകരോട് ക്ഷോഭിച്ചത്. ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേർക്കാത്തതിലും അണികളോട് സുരേഷ് ഗോപി ദേഷ്യപ്പെട്ടിരുന്നു. ‘അടുപ്പിക്കാത്ത സ്ഥലത്തേയ്ക്ക് എന്തിനാണ് എന്നെ കൊണ്ടുവന്നത്? എന്ത് ആവശ്യത്തിനാണ്? നിങ്ങൾ എനിക്ക് വോട്ട് മേടിച്ചു തരാനാണെങ്കിൽ വോട്ടു ചെയ്യുന്ന പൗരൻ ഇവിടെയുണ്ടാകണം. ബൂത്തുകാർ ഇതു മനസ്സിലാക്കണം. നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മൾ അവർക്ക് നേട്ടമുണ്ടാക്കാനാണ് ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചി ല്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേയ്ക്കു പോകും. അവിടെപോയി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവർത്തിച്ചോളാം’, എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.