
തിരുവനന്തപുരം: റാപ്പർ വേടൻ സംഗീത പരിപാടി റദ്ദാക്കിയതിനെ തുടർന്നു കാണികൾ അതിരുവിട്ട് പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. പരിപാടി കാണാനെത്തിയവർ പൊലീസിനു നേരെ ചെളി വാരിയെറിയുന്നതുൾപ്പെടെ ദൃശ്യങ്ങളിലുണ്ട്.
എൽഇഡി വോൾ സ്ഥാപിക്കുന്നതിന്റെ വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ മരിച്ചതോടെ വേടൻ തിരുവ നന്തപുരം വെള്ളല്ലൂർ ഊന്നൻകല്ലിൽ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കിയിരുന്നു. ചിറയൻകീഴ് സ്വദേശിയായ ലിജു ഗോപിനാഥ് ആണ് മരിച്ചത്.
പുല്ലുവിളാകം ശ്രീഭദ്ര ദുർഗാ ദേവി ക്ഷേത്രത്തിലെ അത്തം ഉത്സവത്തോടനുബന്ധിച്ചു ഊന്നൻകല്ല് ബ്രദേഴ്സാണ് വ്യാഴാഴ്ച സംഗീത പരിപാടി നടത്താൻ നിശ്ചയിച്ചത്. രാത്രി 8നു ആരംഭിക്കും എന്നയിച്ച പരിപാടി 10 മണി കഴിഞ്ഞാണ് റദ്ദാക്കിയ വിവരം കാണികളെ അറിയിച്ചത്.
ഇതോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചത്. ജനക്കൂട്ടം സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞു. തടയാനെത്തിയ പൊലീസിനു നേരെ ചെളി വാരി എറിയുകയും ചീത്ത വിളിക്കുകയും ചെയ്തു. തെറി വിളിച്ചും ആളുകൾ പ്രതിഷേധിച്ചു. മൈക്കും ലൈറ്റും നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്.