അത് കൊട്ടാര സദൃശമായ വീടല്ല, ​ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നിർമിച്ചത്’: മറുപടിയുമായി പി ജയരാജന്റെ മകൻ


യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജെയിൻ രാജ്. കൊട്ടാര സദൃശ്യമായ രമ്യഹർമം നിർമിച്ചെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശത്തിനെതിരെയാണ് ജെയിൻ രം​ഗത്തെത്തിയത്.

പതിമൂന്നര വർഷത്തെ പ്രവാസ ജീവിതത്തിൽ നിന്നും മിച്ചം വെച്ച പണം കൊണ്ടാണ് താൻ വീട് നിർമിച്ചത് എന്നാണ് ജെയിൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. തന്റെ പണം കൊണ്ട് വീട് പൂർത്തിയാക്കാൻ കഴിയാതെ വന്നപ്പോൾ ലോൺ എടുത്താണ് നിർമാണം പൂർത്തിയാക്കിയത്. സ്വദേശത്തും വിദേശത്തും തനിക്ക് ഒരു രീതിയിലുമുള്ള ബിസിനസ് ഇല്ല. ഉണ്ടെന്ന് തെളിയിച്ചാൽ അത് ആരോപണം ഉന്നയിക്കുന്നവർക്ക് എഴുതിത്തരാമെന്നും ജെയിൻ പറയുന്നു

ജെയിനിന്റെ കുറിപ്പിന്റെ പൂർണരൂപം

രാഹുൽ മാങ്കൂട്ടത്തിൽ കാഞ്ഞങ്ങാട് നടത്തിയ വാർത്താസമ്മേളനത്തിൽ ഞാനൊരു കൊട്ടാര സദൃശമായ ‘രമ്യഹർമ്മം’നിർമ്മിച്ചതായി പറയുന്നതായി വാർത്താ ചാനലുക ളിൽ പറയുന്ന വീഡിയോ ഒരു സുഹൃത്ത് അയച്ചുതരികയുണ്ടായി. രാഹുലിന്‌ മറുപടി പറയേണ്ട ബാധ്യത എനിക്കില്ല..പക്ഷെ ഇത്തരം കുബുദ്ധികൾക്ക്‌ ജനങ്ങളെ തെറ്റിദ്ധരി പ്പിക്കാനാവും എന്നത്‌ കൊണ്ട്‌ മാത്രമാണ്‌ ഞാൻ ഈ വിശദീകരണം നൽകുന്നത്‌..

ഒരു സിപിഎം നേതാവിന്റെ മകനായ എനിക്കെതിരെ എന്തെല്ലാം നുണകളാണ് ചിലർ പടച്ചുവിടുന്നത്. ഇവിടെ പരാമർശിച്ച എന്റെ വീടിനെ കുറിച്ചാണ് പറയാൻ ആഗ്രഹിക്കുന്നത്. എനിക്കിപ്പോൾ 39 വയസ്സായി ഗൾഫിൽ പോകുന്നതിനു മുൻപ് നാലുവർഷം വിവ കേരള എന്ന ഫുട്ബോൾ ടീമിൽ അംഗമായിരുന്നു അന്ന് മാസ പ്രതിഫലം എല്ലാ ചെലവും കഴിച്ച് 17000 രൂപയായിരുന്നു..അതിന്‌ ശേഷം വിവ കേരള വിട്ടതിനുശേഷം നാട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കൂലിപ്പണി ഉൾപ്പെടെ ചെയ്തും വൈറ്റ് വാഷ് ജോലിയും ഡ്രൈവർ ജോലിയും ചെയ്താണ്‌ ജീവിച്ചത്‌ പിന്നീടാണ് ഗൾഫിലേക്ക് പോയത് അഡ്വർടൈസ്മെന്റ് കമ്പനിയിലെ രണ്ടുവർഷക്കാല ജോലിക്ക് ശേഷം നീണ്ട 10 വർഷക്കാലം ഹെയർ ഷോപ്പിൽ ആയിരുന്നു ജോലി (ആഫ്രിക്കൻസ്‌ ഉപയോഗിക്കുന്ന മുടി)കഴിഞ്ഞവർഷം മെയ് മുതൽ ടൈപ്പിംഗ് സെന്ററിലാണ് ജോലി ചെയ്തു വരുന്നത് മൊത്തം പതിമൂന്നര വർഷക്കാലം ദുബായിൽ ജോലി ചെയ്തു വരുന്നു 2014 ഒക്ടോബറിൽ ആയിരുന്നു എന്റെ വിവാഹം ഭാര്യ കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലും ചിറ്റാരിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലും നേഴ്സ് ആയി ജോലി ചെയ്തു.ഇപ്പോൾ രണ്ടു വർഷമായി ദുബായിലെ പ്രസിദ്ധമായ ഒരു ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്തു വരുന്നു..

ആർക്കും സ്വന്തമായി വീട് എന്ന സ്വപ്നം ഉണ്ടാകും പാട്യത്ത്‌ ഒരു സ്ഥലമെടുത്ത് വീടെടുക്കാൻ ആണ് ആദ്യമായി ആലോചിച്ചത്.. യശ:ശരീരനായ പാട്യം ഗോപാലന്റെ നാടാണ്‌ പാട്യം..ഫാസിസ്റ്റുകൾക്കെതിരായ ചെറുത്ത്‌ നിൽപ്പിന്റെ ഇതിഹാസം രചിച്ച നാട്‌ കൂടിയാണ്‌ പാട്യം.ആർ എസ്‌ എസ്‌ കാർ കൊലപ്പെടുത്തിയ 4 രക്തസാക്ഷികളുടെ നാട്‌..5 വർഷം ഞാൻ പാർട്ടി മെമ്പർ ആയിരുന്നു..സ്ഥലത്തിന്റെ വിലയും വീട് നിർമ്മാണ ചിലവും എല്ലാ ഏകദേശം കണക്കുകൂട്ടിയപ്പോൾ ഞാൻ സ്വരുക്കൂട്ടിവച്ച പണം പാട്യത്ത്‌ വീടെടുക്കാൻ തികയാതെ വരും..അങ്ങനെ അമ്മയാണ് ഒരു നിർദ്ദേശം മുന്നോട്ടുവച്ചത് അമ്മയുടെ തറവാട് ഭാഗം വെച്ച് കിട്ടിയ സ്ഥലത്ത് മൊത്തം 28 സെന്റിൽ 18 സെന്റ് എന്റെ പേരിൽ രജിസ്റ്റർ ചെയ്യാം എന്ന് അമ്മ പറഞ്ഞു.. അതിന്റെ അടിസ്ഥാനത്തിലാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോടിൽ വീട് നിർമ്മാണം തുടങ്ങിയത്..

അത് കൊട്ടാര സദൃശമായ വീടല്ല… താഴെ രണ്ടു ബെഡ്റൂമും മുകളിൽ രണ്ട് ബെഡ്റൂ മുള്ള വീടാണ് ഞാൻ എടുത്തത്..പതിമൂന്നര വർഷത്തെ പ്രവാസ ജീവിതത്തിൽ നിന്നും മിച്ചം വെച്ച് തുകയാണ് നിർമ്മാണത്തിന് ചെലവഴിച്ചത്.നിർമ്മാണത്തിന്റെ അവസാ നഘട്ടത്തിൽ ഒരുതരത്തിലും മുന്നോട്ടുപോകാൻ കഴിയാതെ വന്നപ്പോൾ കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്ന അവസര ത്തിൽ ലഭിച്ച തുകയിൽ നിന്ന് 10 ലക്ഷം രൂപ എനിക്ക് അമ്മ തരികയുണ്ടായി..

എന്റെ ഭാര്യയും അവരുടെ വീട്ടുകാരും സഹായിച്ചു..ഇതുകൊണ്ടും വീട് പൂർത്തീ കരിക്കാൻ ആവാതെ വന്നപ്പോൾ കൂത്തുപറമ്പ് ബാങ്കിലെ അമ്മയുടെ സ്ഥിര നിക്ഷേ പത്തിൽ നിന്നും പതിനേഴര ലക്ഷം രൂപ ലോണായി എനിക്ക് തന്നു.. കൂടാതെ എംഎൽ എ പെൻഷനിൽ നിന്ന് അച്ഛൻ 4 ലക്ഷം രൂപയും തന്നു.ഗൃഹപ്രവേശന അവസരത്തിൽ അടുത്ത കുടുംബക്കാരിൽ നിന്ന് മാത്രം സഹായം സ്വീകരിച്ചിരുന്നു..ഇങ്ങനെയാണ് എന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായത്..കൊടുത്തു തീർക്കേണ്ട കടത്തിൽ പ്രധാനം അമ്മയുടെ സ്ഥിരനിക്ഷത്തിൽ നിന്ന് ലോൺ എടുത്ത പതിനേഴര ലക്ഷം രൂപയാണ്‌..

മറ്റൊരു ചെറിയ തുകയുടെ കടക്കാരൻ കൂടിയാണ് ഞാൻ കോവിഡ് കാലത്ത് മൂന്നുമാസം ജോലിയില്ലാതെ കഴിയേണ്ടി വന്നപ്പോൾ കേരളത്തിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം അച്ഛനുമായി പങ്കുവച്ചപ്പോൾ സമാനസ്ഥിതിയിൽ കഷ്ടപ്പെടുന്ന ആൾക്കാരും നിന്നെ പോലെയല്ലേ എന്നായിരുന്നു മറുപടി..ഒടുവിൽ എനിക്ക് പരിചയമുള്ള തിരുവനന്തപുരത്ത് താമസമാക്കിയ എന്റെ നാട്ടുകാരനായ ഒരാളോട്‌ എന്റെ പരിഭവം പറയുകയും അദ്ദേഹം ഒരു ഫോൺ നമ്പർ എനിക്ക് തരുകയും ചെയ്തു ഞാൻ അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോൾ എനിക്ക് നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് അദ്ദേഹം അയച്ചു തരികയായിരുന്നു..740 ദിർഹംസ് ആയിരുന്നു ടിക്കറ്റ് വില ആ തുക തിരിച്ചു കൊടുക്കാൻ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇതുവരെ നേരിൽ കാണാത്ത അദ്ദേഹം ആ തുക തിരിച്ചു വാങ്ങാൻ തയ്യാറായില്ല ആ മഹാമനസ്കന്‌ നൽകേണ്ട തുകയല്ലാതെ മറ്റാരിൽ നിന്നും യാതൊരു സാമ്പത്തിക സഹായവും ഞാൻ സ്വീകരി ച്ചിട്ടില്ല.. അദ്ദേഹത്തോടുള്ള എന്റെ കടപ്പാട് ഹൃദയത്തിന്റെ അടിത്തട്ടിൽ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് ..

സ്വദേശത്തും വിദേശത്തും എനിക്ക് അച്ഛന്റെയോ മറ്റരുടെയെങ്കിലും സഹായത്തോ ടെയോ പങ്കാളിത്തത്തോടെയോ എനിക്ക് യാതൊരു ബിസിനസ്സും ഇല്ല..അങ്ങനെ എന്തെ ങ്കിലും ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാൽ അത് ആരോപണം ഉന്നയിക്കുന്നവർക്ക് എഴുതിത്തരാം….എന്റെ വീടിന്റെ കഥയാണ് മേൽ വിവരിച്ചത് ഇതിന് കൊട്ടേഷൻ സംഘങ്ങളിൽ പെട്ട ആരുടെയും പിന്തുണ ഈ പോസ്റ്റിന്‌ ആവശ്യമില്ല…


Read Previous

ലോക്സഭയിൽ രാഹുൽ-സ്പീക്കർ വാക്പോര്, മോദിയെ കണ്ടപ്പോൾ തലകുനിച്ചെന്ന് രാഹുൽ; പ്രതികരിച്ച് ഓം ബിർള

Read Next

വില്ലനായത് വെല്‍ക്കം ഡ്രിങ്ക്; വള്ളിക്കുന്നത്ത് മഞ്ഞപ്പിത്തം പടര്‍ന്നത് വിവാഹത്തില്‍ നിന്ന്: മലപ്പുറത്ത് കേസുകൾ ആറായിരം കടന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular