
ദോഹ: ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തിൽ വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും, ഇരുരാജ്യങ്ങളി ലേയും നിശ്ചിത എയർപോർട്ടുകളിലേക്ക് ഖത്തർ എയർവേസ് വിമാന സർവീസുകൾ നിർത്തിവെച്ചത് തുടരും. മെയ് 10, 11, 12 തീയതികളിൽ ദോഹയിൽ നിന്ന് ഇന്ത്യയിലെ അമൃത്സർ (ATQ), പാകിസ്ഥാനിലെ കറാച്ചി (KHI), ലാഹോർ (LHE), ഇസ്ലാമാബാദ് (ISB), മുൾട്ടാൻ (MUX), പെഷവാർ (PEW), സിയാൽകോട്ട് (SKT) എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആണ് നിർത്തിവച്ചത്. എയർലൈൻ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിലെ 32 വിമാനത്താവളങ്ങൾ മെയ് 15 ന് പുലർച്ചെ 5:29 വരെ അടച്ചിടുമെന്ന് ഇന്ത്യയുടെ വിമാനത്താവള അതോറിറ്റി പ്രഖ്യാപിച്ചു. 2025 മെയ് 11 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ വ്യോമാതിർത്തി പൂർണമായും അടച്ചിടുമെന്ന് പാകിസ്ഥാൻ വ്യോമയാന അതോറിറ്റി അറിയി ച്ചിരുന്നു. അതേസമയം, യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രധാന മുൻഗണനയെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കി.