ജിദ്ദ – ഇന്ത്യ പുതിയ കപ്പല്‍ റൂട്ട്; വ്യാപാര ബന്ധം ശക്തമാകും, നിർണായക ചുവടുവെപ്പുമായി ഫോക്ക് മാരിടൈം


ജിദ്ദ: സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ അനുബന്ധ സ്ഥാപനം ജിദ്ദയെ ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിങ് റൂട്ട് ആരംഭിച്ചു. റെഗുലര്‍ ലൈനര്‍, ഫീഡര്‍ സേവനങ്ങളില്‍ വൈദഗ്ധ്യമുള്ള ഫോക്ക് മാരിടൈം സര്‍വീസസ് കമ്പനി ചെങ്കടലിലെ ജിദ്ദ ഇസ്ലാമിക് തുറമുഖത്തെ ഇന്ത്യന്‍ തുറമുഖങ്ങളായ മുന്ദ്ര, നവ ഷെവ എന്നിവയുമായി ബന്ധിപ്പിക്കും.

രണ്ട് കപ്പലുകളിലായാണ് ഈ റൂട്ട് വഴി ചരക്കുനീക്കം നടത്തുക. സൗദിക്കും ഇന്ത്യ യ്ക്കും ഇടയില്‍ പെട്രോകെമിക്കല്‍ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളുടെയും ഉല്‍പ്പന്നങ്ങളുടെയും നീക്കം സുഗമമാക്കുന്നതിലൂടെ വ്യാപാര ബന്ധങ്ങള്‍ വർധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. സൗദി വിഷന്‍ 2030 ന് അനുസൃതമായി ഒരു പ്രമുഖ ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബായി മാറാനുള്ള സൗദിയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് പദ്ധതി. ഫോക്ക് മാരിടൈമിന്‍റെ സംരംഭം ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് അധികൃതര്‍ അറിയിച്ചു.

അറേബ്യന്‍ പെനിന്‍സുലയെ ഇന്ത്യന്‍ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന ഒമാനിലെ പ്രമുഖ കണ്ടെയ്നര്‍ സര്‍വീസായ അസ്യാദ് ലൈനുമായി ഫോക്ക് മാരിടൈം കപ്പല്‍ കൈമാറ്റ കരാറില്‍ ഒപ്പുവച്ചു. ഈ കരാര്‍ പ്രകാരം പുതിയ റൂട്ടില്‍ രണ്ട് കണ്ടെയ്‌നര്‍ കപ്പലുകളാണ് ചരക്കുനീക്കത്തില്‍ പങ്കാളികളാവുക.

സൗദി അറേബ്യ ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. അതേസമയം ഇന്ത്യയാവട്ടെ സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളി രാജ്യവുമാണ്. ഇന്ത്യയുടെ ഊര്‍ജ സുരക്ഷയില്‍ പ്രധാന സംഭാവന നല്‍കുന്ന രാജ്യം കൂടിയാണ് സൗദി അറേബ്യ. നിക്ഷേപങ്ങള്‍ക്കും സാങ്കേതിക കൈമാറ്റത്തിനും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വലിയ രീതിയിലുള്ള സഹകരണം നിലനില്‍ക്കുന്നുണ്ട്.

2023ല്‍ സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 113.35 ബില്യണ്‍ റിയാല്‍ (30.20 ബില്യണ്‍ ഡോളര്‍), ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി 43.57 ബില്യണ്‍ റിയാല്‍ എന്നിങ്ങനെയായിരുന്നുവെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്‍റെ ഡാറ്റ വ്യക്തമാക്കുന്നു. 39.5 ദശലക്ഷം ടണ്‍ അഥവാ രാജ്യത്തിന്‍റെ മൊത്തം എണ്ണ ഇറക്കുമതിയുടെ 16.7 ശതമാനവും വിതരണം ചെയ്യുന്ന സൗദി അറേബ്യ, ഇന്ത്യയിലേ ക്കുള്ള മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമാണ്.


Read Previous

സൗദിയിലെ 10 പ്രവശ്യകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

Read Next

അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ ഇടപെട്ട് ഗവര്‍ണര്‍; ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »