
ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് എംപിയെ സിപിഎം രാജ്യസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബംഗാളില്‍ നിന്നുള്ള അഡ്വ. ബികാസ് രഞ്ജന്‍ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് കേരളത്തില്‍ നിന്നുള്ള എംപിയായ ബ്രിട്ടാസിനെ രാജ്യസഭ കക്ഷി നേതാവായി സിപിഎം കേന്ദ്ര നേതൃത്വം നാമനിര്‍ദ്ദേശം ചെയ്തത്.
പാര്‍ലമെന്റിലെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, പൊതു സ്ഥാപനങ്ങളുടെ കമ്മിറ്റി, വിവരസാ ങ്കേതിക വകുപ്പിന്റെ ഉപദേശക സമിതി (ഐടി) എന്നിവയില്‍ അംഗമാണ്. രാജ്യസഭയില്‍ ശ്രദ്ധേയ ഇടപെടല്‍ നടത്തിവരുന്ന ബ്രിട്ടാസ് മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം രണ്ട് തവണ നേടി. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സഭയില്‍ നടത്തിയ കന്നി പ്രസംഗത്തിന് മുന്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ വെങ്കയ്യ നായിഡു വിന്റെ പ്രശംസയും നേടിയിരുന്നു.
സി പി എം കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവായ അദ്ദേഹം മാധ്യമ പ്രവര്‍ത്തകനായും മികവ് തെളിയിച്ചിട്ടുണ്ട്. കൈരളി ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററും കുടിയാണ് ജോണ്‍ ബ്രിട്ടാസ്. 2021 ഏപ്രിലില്‍ ആണ് ബ്രിട്ടാസ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാനവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.