
ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ അന്‍പത്തിരണ്ടാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് ഗവായ് ചുമതലയേറ്റത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. 2025 നവംബര്‍ 23 വരെയാണ് അദ്ദേഹത്തി ന്‍റെ കാലാവധി.
രാജ്യത്തെ പരമോന്നത നീതിപീഠ പദവിയിലെത്തുന്ന ആദ്യത്തെ ബുദ്ധമത വിശ്വാസിയും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ ജഡ്ജിയുമാണ് അദ്ദേഹം. ജസ്റ്റിസ് കെജി ബാലകൃഷ്ണനാണ് ദലിത് വിഭാഗത്തില്‍നിന്ന് ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തിയ ആദ്യത്തെയാള്‍.
ജസ്റ്റിസ് ഗവായിയുടെ പിതാവ് രാമകൃഷ്ണ സൂര്യഭന്‍ ഗവായ് അറിയപ്പെടുന്ന അംബേദ്കറൈറ്റ് നേതാവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാപനുമായിരുന്നു. ആര്‍കിടെക്റ്ററാകാന്‍ ആഗ്രഹിച്ച ഗവായ് പിതാവിന്റെ ആഗ്രഹ പ്രകാരമാണ് അഭിഭാഷകനായത്. നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം 1985 മാര്‍ച്ച് 16ന് പ്രാക്ടീസ് ആരംഭിച്ചു. സമൂഹത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കുന്ന ഒരാളായി മാറുമെന്ന് അന്ന് പിതാവ് അദ്ദേഹത്തോട് പറഞ്ഞു. ”ഒരു ദിവസം നീ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകും. പക്ഷേ, ആ ദിവസം കാണാന്‍ ഞാന്‍ ഉണ്ടാകില്ല”, പിതാവ് ഗവായിയോട് പറഞ്ഞു. 2015ലാണ് ചീഫ് ജസ്റ്റിസ് ഗവായിയുടെ പിതാവ് മരിക്കുന്നത്.
അഭിഭാഷകനായി കരിയര്‍ ആരംഭിച്ചതിന് ശേഷം ഗവായ് ബോംബെ ഹൈക്കോടതിയില്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അമരാവതി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അമരാ വതി സര്‍വകലാശാല എന്നിവയുടെ സ്റ്റാന്‍ഡിങ് കോണ്‍സലായി സേവനമനുഷ്ഠിച്ചു. 1992 ഓഗസ്റ്റ് മുതല്‍ 1993 ജൂലൈ വരെ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചു.
2003 നവംബര്‍ 14-ന് ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയമിക്കപ്പെട്ടു. 2005 നവംബര്‍ 12-ന് സ്ഥിരം ജഡ്ജിയായി. 2019 മെയ് 24 ന് സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ടു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ, ഭരണഘടനാ, ഭരണ നിയമം, സിവില്‍ നിയമം, ക്രിമിനല്‍ നിയമം, വാണിജ്യ തര്‍ക്കങ്ങള്‍, മധ്യസ്ഥത, വൈദ്യുതി, വിദ്യാഭ്യാസം, പരിസ്ഥിതി നിയമം എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏകദേശം 700 ബെഞ്ചുകളുടെ ഭാഗമായിരുന്നു ജസ്റ്റിസ് ഗവായ്.