തിരുവനന്തപുരം: ആശമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദൻ. പൗരസാഗരത്തിൽ പങ്കെടുത്ത് വീഡിയോയിലൂടെയായിരുന്നു ആശമാർക്കൊപ്പം ചേർന്നത്.
സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ഐക്യപ്പെടൽ. സമരം ചെയ്യുന്നത് സ്ത്രീകൾ എന്ന പരിഗണന പോലും സർക്കാർ നൽകുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ മറുപടികൾ നിർഭാഗ്യകരമെന്നും കെ സച്ചിദാനന്ദൻ കുറ്റപ്പെടുത്തി.
ചെറിയ ഒരു വർധന എങ്കിലും അനുവദിച്ച് എന്ത് കൊണ്ട് സമരം അവസാനിപ്പിക്കുന്നില്ല? കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് അഭിമാനം ഉണ്ടെങ്കിൽ അതിന് പ്രധാന കാരണം ആശമാരെന്നും അവകാശം പോലും ചോദിക്കാൻ അവകാശമില്ലാത്ത അഭയാർത്ഥികൾ ആണോ ആശാവർക്കർമാരെന്നും അദ്ദേഹം ചോദിച്ചു.
