മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാജിവെയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി കമല്‍ നാഥ് ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മുന്നണിയുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് കമല്‍ നാഥ് രാജിവെക്കുമെന്ന(resign) റിപ്പോര്‍ട്ടുകള്‍ വ്യാപകമായത്. സംസ്ഥാനത്തെ 230 സീറ്റുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബിജെപിയാണ് അധികാരം പിടിച്ചത്. 163 സീറ്റ് ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 66 സീറ്റ് മാത്രമാണ് നേടാനായത്.

വിജയിക്കുമെന്ന് ഉറപ്പായ സംസ്ഥാനത്ത് പാര്‍ട്ടിയുടെ പരാജയത്തിലേക്ക് നയിച്ച ഘടകങ്ങള്‍ അവലോകനം ചെയ്യാന്‍ കമല്‍നാഥ് നാളെ എല്ലാ സ്ഥാനാര്‍ത്ഥികളുടെയും യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ അദ്ദേഹം ഇന്ന് രാഹുല്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചു.
ബുധനാഴ്ച കമല്‍നാഥ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രത്യേകം കാണുമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ഇന്ത്യ മുന്നണിയിലെ നേതാക്കള്‍ക്കെതിരായ കമല്‍ നാഥിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. സീറ്റ് വിഭജനത്തെച്ചൊല്ലിയാണ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെയും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെതിരെയും അദ്ദേഹം പ്രസ്താവന നടത്തിയത്.
സമാജ്വാദി പാര്‍ട്ടി നാല് മുതല്‍ ആറ് വരെ സീറ്റുകള്‍ മാത്രം ചോദിച്ചപ്പോള്‍, ജെഡിയുവിന് മധ്യപ്രദേശില്‍ ഒരു സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അത് കമല്‍നാഥ് സമ്മതിക്കാതിരുന്നത് ബിജെപിയെ നേരിടാന്‍ രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനിടെ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും കാണാതെ കമല്‍നാഥ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ തിങ്കളാഴ്ച കണ്ടതിലും കോണ്‍ഗ്രസ് നേതൃത്വം അസ്വസ്ഥരാണ്.