
ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മത്സരിക്കുമ്പോള്‍ എതിരാളികളായ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൂന്നാം അങ്കത്തിലാണ്.
ആദ്യഘട്ടത്തില്‍ ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയായിരുന്നു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. എന്നാല്‍ പ്രായാധിക്യവും നിര്‍ണായ കമായ തിരഞ്ഞെടുപ്പ് സംവാദങ്ങളില്‍ പിന്നാക്കം പോവുകയും ചെയ്തതോടെ ബൈഡന് പിന്മാറേണ്ടി വന്നു. ഇതോടെ കമലാ ഹാരിസ് ആയി സ്ഥാനാര്‍ത്ഥി. ജയിച്ചാല്‍ അമേരി ക്കയിലെ ആദ്യ വനിതാ പ്രസിഡന്റായി മാറും ഇന്ത്യന്‍ വംശജകൂടിയായ കമലാ ഹാരിസ്.
വിക്ടോറിയ വുഡ്ഹളാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി മത്സരിച്ച വനിത. 1872 ലായിരുന്നു അത്. സ്ത്രീകള്‍ക്ക് വോട്ടവകാശത്തിനായി പ്രയ്തനി ക്കുന്ന സംഘടനയിലെ പ്രവര്‍ത്തക ആയിരുന്നു അവര്‍. പിന്നീട് 2016 ല്‍ ഹിലരി ക്ലിന്റണ്‍ ആണ് ഈ സ്ഥാനത്തേക്ക് മത്സരിച്ച രണ്ടാമത്തെവനിത. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ അവര്‍ ഒരു പ്രധാന പാര്‍ട്ടിയ്ക്ക് വേണ്ടി മത്സരിക്കുന്ന ആദ്യ വനിതയും ആയി. മൂന്നാമതായാണ് ഇപ്പോള്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റായ കമല മത്സരിക്കുന്നത്.
1789 ലാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് ആകെ 50 സംസ്ഥാനങ്ങളാണ് അമേരിക്കയിലുള്ളത്. ഇവിടെ നിന്നെല്ലാം സജീവമായി വോട്ടെടുപ്പില്‍ ജനം പങ്കെടുക്കാറുണ്ട്. എന്നാല്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കേവലം 10 സംസ്ഥാനങ്ങളില്‍ നിന്നും 69 ഇലക്ടറര്‍മാരാണ് വോട്ട് ചെയ്തത്.
1788 ലാണ് അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണഘടന അംഗീകരിക്കപ്പെട്ടത്. പിന്നീട് ഒരു വര്‍ഷത്തിനകം തന്നെ തിരഞ്ഞെടുപ്പ് നടന്നു.1788 സെപ്തംബര്‍ 13 ന് ഇലക്ഷന്‍ ഓര്‍ഡിനന്‍സ് പാസായി. 1789 ജനുവരി ഏഴിനകം പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ ഉത്തരവായി. 1789 ഫെബ്രുവരി നാലിന് അമേരിക്ക തങ്ങളുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട വോട്ടിങ് ദിനമായി പ്രഖ്യാപിച്ചു.
പല സംസ്ഥാനങ്ങളും അന്ന് നിലവില്‍ വന്നിരുന്നെങ്കിലും അവ വിവിധ കാരണ ങ്ങളാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. നോര്‍ത്ത് കരോലിന, റോഡ് ഐലന്റ് എന്നീ സംസ്ഥാനങ്ങള്‍ അന്ന് അമേരിക്കന്‍ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കാത്തതിനാല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായില്ല. ന്യൂയോര്‍ക്ക് ആകട്ടെ അവിടെ ഭരണാധികാരികള്‍ തമ്മിലെ പോര് മുറുകിയത് മൂലം ജനുവരി ഏഴിനകം ഇലക്ട്ര റര്‍മാരെ തിരഞ്ഞെടുത്തില്ല. ഇതോടെ അവര്‍ക്കും തിരഞ്ഞെടുപ്പില്‍ ചേരാനായില്ല.
ഒടുവില്‍, പറഞ്ഞ ദിവസത്തിനകം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായത് കണക്ടികട്ട്, ഡെല്‍വെയര്‍, ജോര്‍ജിയ, മേരിലാന്റ്, മസാച്യുസെറ്റ്‌സ്, ന്യൂഹാംഷെയര്‍, ന്യൂജെഴ്സി, പെന്‍സില്‍വാനിയ, സൗത്ത് കരോലിന, വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങള്‍ക്കാണ്.