ഗോത്ര-പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് പിന്തുണയേകാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍,’കനസ് ജാഗ’


കോഴിക്കോട്: തദ്ദേശമേഖലയിലെ പ്രത്യേകിച്ചും ഗോത്ര-പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും മറ്റുമുള്ള കുട്ടികള്‍ക്ക് പിന്തുണയേകാന്‍ ‘കനസ് ജാഗ’ (സ്വപ്നസ്ഥലം) യുമായി കുടുംബശ്രീ. ‘കനസ് ജാഗ’ എന്നത് ഗോത്രഭാഷയിലുള്ള വാക്കാണ്. ഓരോരുത്തരും ജീവിക്കുന്നയിടം, കാലാവസ്ഥ, സാമൂഹികപ്രശ്നങ്ങള്‍ എന്നിവ തിരിച്ചറിഞ്ഞ് അവയെ അതിജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പോഷകാഹാരം, സാംസ്‌കാരിക സംരക്ഷണം, സാംസ്‌കാരിക പശ്ചാത്തലം, അതിനനുസരിച്ചുള്ള സാമ്പത്തിക ശാക്തീകരണം എന്നിവയെല്ലാം ഉള്‍ക്കൊളളിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ഉപജീവനസാധ്യത കൂട്ടാന്‍ നൈപുണ്യവികസന പരിപാടികളും നടത്തും.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ സുസ്ഥിരവികസന പദ്ധതികള്‍ നടപ്പാക്കുന്ന സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ‘കനസ് ജാഗ’ തുടങ്ങുക. കാസര്‍കോട്-കൊറഗ, കണ്ണൂര്‍-ആറളം, വയനാട്-തിരുനെല്ലി, നൂല്‍പ്പുഴ, മലപ്പുറം-നിലമ്പൂര്‍, പാലക്കാട്- അട്ടപ്പാടി, പറമ്പിക്കുളം, വണ്ടാഴി, തൃശ്ശൂര്‍- കാടര്‍, ഇടുക്കി-ഇടമലക്കുടി, മറയൂര്‍ കാന്തല്ലൂര്‍, പത്തനംതിട്ട-മലപണ്ടാരം എന്നിവിടങ്ങളിലാണിത്.

കുട്ടികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. പ്രത്യേക പ്രൊജക്ടുകളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. പരിശീലനത്തിനായി സംസ്ഥാനത്ത് 60 പേര്‍ ഉള്‍പ്പെടുന്ന പ്രത്യേകടീമിനെ തിരഞ്ഞെടുക്കും. 11-18 പ്രായക്കാരായ 30 മുതല്‍ 50 വരെ കുട്ടികളെയാണ് ഒരു ബാച്ചില്‍ പരിശീലിപ്പിക്കുക. സര്‍ഗശേഷി വളര്‍ത്താനാവശ്യമായ പരിശീലനമുണ്ടാകും. ഇവര്‍ അതതിടത്തെ പ്രശ്നങ്ങള്‍ അവതരിപ്പിക്കണം.

അത് ക്രിയാത്മകമായ രീതിയില്‍ കഥയോ, നാടകമോ, ഹ്രസ്വചിത്രമോ ആയി അവതരിപ്പിക്കാം. ഓരോ സ്ഥലത്തെയും പ്രശ്നങ്ങള്‍ തിരിച്ചറിയാനും അത് രേഖപ്പെടുത്താനും പരിശീലകര്‍ സഹായിക്കും.

അത്തരത്തിലുള്ള വിവരങ്ങളെല്ലാം ഡോക്യുമെന്റ് ചെയ്യും. അതുപോലെ ക്യാമ്പുകളില്‍ തയ്യാറാക്കുന്ന വീഡിയോകള്‍ വെച്ച് സംസ്ഥാനതലത്തില്‍ ഫിലിംഫെസ്റ്റിവല്‍ നടത്തും.

അതിലൂടെ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിയ്ക്കും. അതിനുശേഷമായിരിയ്ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുക.


Read Previous

ഗജരാജന്‍ പട്ടാമ്പി കര്‍ണ്ണന്‍ ചരിഞ്ഞു

Read Next

കൂട്ടമായി ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ’; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »