
കണ്ണൂർ: സിപിഎം കൊല്ലം സംസ്ഥാന സമ്മേളനം കഴിയുമ്പോൾ കണ്ണൂർ ഒന്ന് കൂടി പിടിമുറുക്കുകയാണ്. കണ്ണൂർ ജില്ലയിലെ പിണറായി പാറപ്രത്ത് പിറവി കൊണ്ട പാർട്ടി, പിണറായി കരുത്തിൽ മുന്നോട്ട് കുതി ക്കുകയാണ്. കൊല്ലം സമ്മേളനം കഴിയുമ്പോൾ പാർട്ടിയുടെ തലപ്പത്തേക്ക് വരുന്നത് കണ്ണൂരിൽ നിന്നുള്ള ഗോവിന്ദൻ മാസ്റ്റർ തന്നെ ആണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 89 അംഗ സംസ്ഥാന സമിതിയിൽ 17 പേരും കണ്ണൂരിൽ നിന്നുള്ളവരാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ, ഇ പി ജയരാജൻ, കെ കെ ശൈലജ, എം വി ജയരാജൻ, പി ജയരാജൻ, ഇ പി ജയരാജൻ, കെ കെ രാഗേഷ്, വി കെ സനോജ്, പനോളി വത്സൻ, ജോൺ ബ്രിട്ടാസ്, പ്രകാശൻ മാസ്റ്റർ, എ എൻ ഷംസീർ, പി ശശി, ബിജു കണ്ടക്കൈ, എൻ ചന്ദ്രൻ, കെ സജീവൻ എന്നിവരാണ് സംസ്ഥാന സമിതിയിൽ കണ്ണൂരിൽ നിന്നുള്ളവർ. 17 അംഗ സംസ്ഥാന സെക്രട്ടേറിയേറ്റിൽ 5 പേരും കണ്ണൂരിൽ നിന്നുള്ളവർ തന്നെ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിപിഎം അംഗങ്ങളും വർഗ ബഹുജന സംഘടനാ അംഗവുമുള്ള ജില്ലാ ഘടകവും ഇത്തവണ കണ്ണൂർ തന്നെയാണ്. 4421 ബ്രാഞ്ചുകൾ, 249 ലോക്കൽ കമ്മിറ്റി, 18 ഏരിയ കമ്മിറ്റി അങ്ങനെ ജില്ലയിൽ 65550 പാർട്ടി അംഗങ്ങളാണുള്ളത്. ബംഗാളിലെ നോർത്ത് പർഗാനാസ് ജില്ലയെ ആറു വർഷം മുമ്പാണ് കണ്ണൂർ ജില്ല മറികടന്നത്. കഴിഞ്ഞ സമ്മേളന കാലയളവിനെക്കാൾ 174 ബ്രാഞ്ചുകളും ആറ് ലോക്കൽ കമ്മിറ്റികളും ഇത്തവണ കണ്ണൂരിൽ കൂടി. 3862 പാർട്ടി അംഗങ്ങളും ഇത്തവണ വർധിച്ചു. 136275 അംഗങ്ങളാണ് ഏഴ് പ്രധാന വർഗ ബഹുജന സംഘടനകളിലായി മൂന്ന് വർഷത്തിനിടയിൽ വർധിച്ചത്.
29,51,370 അംഗങ്ങൾ വിവിധ സംഘടനകളിലുണ്ട്. പോഷക സംഘടനകളായ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്‌എഫ്ഐ എന്നിവയുടെ തലപ്പത്തുള്ളതും കണ്ണൂർക്കാർ തന്നെ. പാർട്ടിയിൽ വനി തകളുടെ അംഗസംഖ്യയും കൂടുതൽ കണ്ണൂരിലാണ്. ആകെയുള്ള പാർട്ടി അംഗങ്ങളിൽ 32.9% വനിത കളാണ്. രണ്ട് ലോക്കൽ സെക്രട്ടറിമാരും 242 ബ്രാഞ്ച് സെക്രട്ടറിമാരും വനിതകളായുണ്ട്.
രണ്ടാം പിണറായി മന്ത്രിസഭയിലെ എക്സൈസ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കവേയാണ് 2022 ഓഗസ്റ്റ് 28ന് ചേർന്ന പാർട്ടി സെക്രട്ടേറിയേറ്റ് യോഗമാണ് കണ്ണൂർ മൊറാഴ സ്വദേശിയായ ഗോവിന്ദൻ മാസ്റ്ററെ സംസ്ഥാന സെക്രട്ടറി ആയി തെരഞ്ഞെടുക്കുന്നത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടി യേരി ബാലകൃഷ്‌ണൻ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നായിരുന്നു മാഷിൻ്റെ സ്ഥാനക്കയറ്റം. പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെ 2022 സെപ്റ്റംബർ 2ന് കാബിനറ്റ് മന്ത്രിപദം രാജിവച്ച് ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റു.
എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെ രൂപീകരിച്ച ബാലസംഘത്തിലൂടെയാണ് ഗോവിന്ദൻ മാസ്റ്ററുടെ പൊതുരംഗ പ്രവേശനം. ബാലസംഘത്തിൻ്റെ ആദ്യ പ്രസിഡൻ്റായും,യുവജന സംഘടനയായ കെഎസ്‌വൈഎഫിൻ്റെ ജില്ലാ പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്നീ നിലകളിലും മാഷ് പ്രവർത്തിച്ചു. 1980ൽ ഡിവൈഎഫ്ഐ രൂപീകരിച്ചപ്പോൾ ആദ്യ സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഗോവിന്ദൻ മാസ്റ്റർ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായും കേന്ദ്ര കമ്മറ്റി അംഗമായും പ്രവർത്തിച്ചു.
1969ൽ സിപിഎം അംഗമായ ഗോവിന്ദൻ മാസ്റ്റർ അവിഭക്ത കണ്ണൂർ ജില്ലയിലെ കാസർകോട് മണ്ഡലം സെക്രട്ടറിയായിരുന്നു. 1991ൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഗോവിന്ദൻ മാസ്റ്റർ 1995ൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ഇ പി ജയരാജൻ വെടിയേറ്റ് ചികിത്സയ്ക്ക് പോയതിനെ തുടർന്ന് ആക്‌ടിങ് കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. 1996, 2001 നിയമസഭ തെരഞ്ഞെ ടുപ്പുകളിൽ നിന്ന് നിയമസഭാംഗമായ ഗോവിന്ദൻ മാസ്റ്റർ നിലവിൽ തളിപ്പറമ്പ് മണ്ഡലത്തിൻ്റെ എംഎൽഎയാണ്.
2002 മുതൽ 2006 വരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ഗോവിന്ദൻ മാസ്റ്റർ 2006ൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പ്രവർത്തനം സംസ്ഥാന സെൻ്റർ കേന്ദ്രീകരിച്ചു. 2011ൽ ഒളിക്യാമറ വിവാദത്തിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയാ യിരുന്ന ഗോപി കോട്ടമുറിക്കലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് എറണാകുളം അഡ്ഹോക്ക് കമ്മിറ്റിയുടെ സെക്രട്ടറിയായും മാഷ് 2011 മുതൽ 2015 വരെ പ്രവർത്തിച്ചു.
2018 മുതൽ പാർട്ടി കേന്ദ്രകമ്മറ്റിയിൽ അംഗമാണ്. 2022 ഒക്ടോബർ 31ന് മാർക്‌സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻ്റ്, ഓൾ ഇന്ത്യ കിസാൻ സഭ വൈസ് പ്രസിഡൻ്റ്, ദേശാഭിമാനി മുൻ ചീഫ് എഡിറ്റർ എന്നീ നിലകളിലും ഗോവിന്ദൻ മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്.