അന്താരാഷ്‌ട്ര മാസ്‌റ്റേഴ്‌സ് മീറ്റില്‍ വെങ്കലം നേടി കാസര്‍കോട്ടെ തെങ്ങുകയറ്റ തൊഴിലാളി; അഭിമാനമായി ചന്ദ്രൻ പാക്കം


കാസർകോട്: സാധാരണക്കാരനായ ഒരു തെങ്ങുകയറ്റ തൊഴിലാളിക്ക് എന്തെല്ലാം സ്വപ്‌നങ്ങളുണ്ടാകും? അവ എന്തുതന്നെ ആയാലും, ട്രാക്കിലിറങ്ങി രാജ്യത്തിന് വേണ്ടി മെഡല്‍ നേടണം എന്ന് ഒരു തെങ്ങുകയറ്റ തൊഴിലാളിയും ആഗ്രഹിച്ച് കാണില്ല. എന്നാല്‍ ചന്ദ്രൻ പാക്കം എന്ന തെങ്ങുകയറ്റ തൊഴിലാളിക്ക് പറയാനുള്ളത് മറിച്ചാണ്.

ഓരോ തെങ്ങില്‍ കയറുമ്പോഴും അയാള്‍ തെങ്ങിനെക്കാള്‍ ഉയരത്തിലുള്ള സ്വപ്‌നം കണ്ടു, ട്രാക്കിലിറിങ്ങി ഓടണം, മെഡല്‍ നേടണം. ചന്ദ്രൻ അങ്ങനെ ദേശീയ മാസ്‌റ്റേഴ്‌സ് മത്സരങ്ങളില്‍ പങ്കെടുത്തുതുടങ്ങി. പങ്കെടുത്ത മത്സരങ്ങളിലെല്ലാം സ്വര്‍ണം നേടി യാണ് ചന്ദ്രന്‍ ട്രാക്ക് വിട്ടത്. സാമ്പത്തിക ബുദ്ധിമുട്ട് പക്ഷേ ചന്ദ്രന്‍റെ അന്താരാഷ്‌ട്ര മത്സരമെന്ന സ്വപ്‌നത്തെ തളര്‍ത്തിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ് ശ്രീലങ്ക അന്താരാഷ്‌ട്ര മാസ്‌റ്റേഴ്‌സ് മത്സരത്തിന് വേദിയാ കുന്നത്. ഇക്കുറി തങ്ങളുടെ പ്രിയപ്പെട്ട ചന്ദ്രന്‍റെ സ്വപ്‌ന സാക്ഷാത്‌കാരത്തിനായി നാട് കൈകോര്‍ത്തു. ചന്ദ്രൻ അംഗമായ തെങ്ങുകയറ്റത്തൊഴിലാളി സംഘടന ‘തെങ്ങിന്‍റെ ചങ്ങാതിക്കൂട്ടത്തിനൊപ്പം സംഘചേതന കണ്ണംവയൽ, റെയിസങ് പാക്കം, സഹൃദയ പാക്കം തുടങ്ങിയ ക്ലബുകളും ഒന്നിച്ചതോടെ ചന്ദ്രന്‍ ശ്രീലങ്കയിലേക്ക് പറന്നു.

തന്‍റെ സ്വപ്‌നവും നാട്ടുകാരുടെ പ്രതീക്ഷയും മുറുകെപ്പിടിച്ച് ചന്ദ്രന്‍ ട്രാക്കിലിറങ്ങി. 5000 മീറ്റർ, 1500 മീറ്റർ ഓട്ടത്തിലും 3000 മീറ്റർ ട്രിപ്പിൾ ചെയ്‌സിങ്ങിലും ചന്ദ്രന്‍ മാറ്റുരച്ചു. 5000 മീറ്റർ ഓട്ടമത്സരത്തില്‍ വെങ്കലം നേടി. ത്രിവർണ്ണ പതാക ശ്രീലങ്കയിൽ ഉയർന്നു പറന്നു. മറ്റ് രണ്ടിനങ്ങളില്‍ നാലാംസ്ഥാനത്താണ് ചന്ദ്രന്‍ ഫിനിഷ് ചെയ്‌തത്. ഇനി വേൾഡ് മാസ്‌റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കണം. ചന്ദ്രന്‍ വീണ്ടും സ്വപ്‌നം കാണുകയാണ്.

കഴിഞ്ഞ അഞ്ച് വർഷമായി അന്താരാഷ്‌ട്ര മത്സരത്തിനായി ചന്ദ്രൻ തയ്യാറെടുക്കു കയിരുന്നു. രാവിലെ അഞ്ച് മണിക്ക് തെങ്ങ് കയറ്റത്തിന് ഇറങ്ങും. വൈകിട്ടാണ് പരിശീലനം. ബേക്കൽ ബീച്ചിൽ മണലിൽ മണിക്കൂറുകളോളം പരിശീലനം നടത്തും. വർഷങ്ങളായി ഇതാണ് ദിനചര്യ. പല മത്സരങ്ങളിലും സെലക്ഷൻ ലഭിച്ചെങ്കിലും സാമ്പത്തിക പ്രയാസം കാരണം പോകാൻ കഴിഞ്ഞില്ലെന്ന് ചന്ദ്രൻ പറയുന്നു.

മെഡലുമായി രാജ്യത്തിന്‍റെ അഭിമാനമായി തിരിച്ചെത്തിയ ചന്ദ്രന് നാടിന്‍റെ അഭിനന്ദന പ്രവഹമായിരുന്നു. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് കെ കുമാരന്‍റെ നേതൃത്വ ത്തിൽ നാട്ടുകാരും തെങ്ങിന്‍റെ ചങ്ങാതിക്കൂട്ടം പ്രവർത്തകരും വിവിധ ക്ലബ്ബുകാരും റെയിൽവേ സ്‌റ്റേഷനിലെത്തി പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. ഉഡുപ്പിയിൽ നടന്ന ദേശീയ മാസ്‌റ്റേഴ്‌സ് മത്സരത്തിൽ 5000 മീറ്റർ, 1500 മീറ്റർ, 800 മീറ്റർ ഓട്ടത്തിലും 3000 മീറ്റർ ട്രിപ്പിൾ ചെയ്‌സിലും ചന്ദ്രന് മെഡൽ ലഭിച്ചിരുന്നു.


Read Previous

രാജ്‌കോട്ട് വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണു; മൂന്ന് ദിവസത്തില്‍ മൂന്നാമത്തെ സംഭവം

Read Next

കെ.എൻ.എം പൊതു പരീക്ഷ ഗൾഫ് സെക്ടറിൽ റിയാദ് സലഫി മദ്റസക്ക് 100% വിജയവും റെക്കോർഡ് എ പ്ലസും

Leave a Reply

Your email address will not be published. Required fields are marked *

Most Popular