ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാന്‍ സൈന്യം ഓപ്പറേഷന്‍ തുടരുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചതില്‍ രാജ്‌നാഥ് സിങ് അതീവ ദുഃഖം രേഖപ്പെടുത്തി.

ഭീകരാക്രമണത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥി ക്കുന്നു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. കുടുംബത്തിനൊപ്പം സര്‍ക്കാരും രാജ്യവുമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. ഭീകരര്‍ ഉപയോഗിച്ചത് അമേരിക്കന്‍ നിര്‍മ്മിത അത്യാധുനിക ആയുധങ്ങളാണെന്നും സൈന്യം സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ച പ്പോൾ, ആറ് സൈനികർക്ക് പരിക്കേറ്റു. കത്വയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് സൈന്യം പട്രോളിങ് നടത്തുന്നതി നിടയിലാണ് ആക്രമണമുണ്ടായത്. വാഹന വ്യൂഹത്തിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.