സാംസ്കാരിക സമ്മേളനം ഡോക്ടർ കെ പി മോഹനൻ ഉദ്ഘാടനം ചെയ്യും
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 23-ആം വാർഷികാഘോഷങ്ങൾക്ക് വെളളിയാഴ്ച തുടക്കം കുറിക്കും. ഫെബ്രുവരി രണ്ട്, ഏപ്രിൽ 19 എന്നീ രണ്ട് ദിനങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളുടെ സാംസ്കാരിക സമ്മേളനം പ്രസിദ്ധ സാഹിത്യ നിരൂപകനും കേരള സാഹിത്യ പുരസ്ക്കാര ജേതാവും ദേശാഭിമാനി വാരികയുടെ പത്രാധിപരുമായ ഡോക്ടർ കെ പി മോഹനൻ ഉദ്ഘാടനം ചെയ്യും.

ഷിഫയിലെ റീമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ആദ്യ ദിനത്തിൽ, കേളി അംഗങ്ങളുടെയും, കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കലാപരി പാടികളും സാംസ്കാരിക സമ്മേളനവും റിയാദിലെ ഗായകരുടെ ഗാനമേളയും അരങ്ങേറും. ഏപ്രിൽ 19 ന് കേരളത്തിൽ നിന്നുള്ള മുൻനിര കലാകാരന്മാർ ഒരുക്കുന്ന സൗജന്യ മെഗാഷോയാണ് റിയാദിലെ പൊതു സമൂഹത്തിനായി കേളി ഒരുക്കുന്നത്.
വാർഷികാഘോഷങ്ങളുടെ ഭാഗമായി റിയാദിലെത്തുന്ന ഡോക്ടർ മോഹനന്, റിയാദിലെ സ്വതന്ത്ര സാഹിത്യ വേദിയായ ചില്ല സർഗ്ഗവേദി സ്വീകരണം നൽകും. ജനുവരി 31, ബുധനാഴ്ച രാത്രി 7.30 ന് ലൂഹ ഓഡിറ്റോറിയത്തിൽ നൽകുന്ന സ്വീകരണ യോഗത്തിൽ ‘മാധ്യമങ്ങളും പൊതുബോധനിർമ്മിതിയും’ എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം സംസാരിക്കും.