ആരാധകര്‍ക്ക് ഓണവിരുന്നൊരുക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്; ആദ്യ മത്സരം തിരുവോണത്തിന്


ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആരാധക വൃന്ദത്തിന് മുന്നിൽ ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകരെ വരവേല്‍ക്കാന്‍ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും ഒരുങ്ങുകയാണ്. ഈ മാസം 15ന്, തിരുവോണ ദിനത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ മത്സരം. സ്വന്തം തട്ടകത്തില്‍ പഞ്ചാബ് എഫ്‌സിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുക.

2024-25 സീസണിൽ മൊത്തം 14 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഓപ്പണിങ് മത്സരത്തിന് ശേഷം ഈസ്റ്റ് ബംഗാളിനെയും സ്വന്തം തട്ടകത്തിൽ ബ്ലാസ്‌റ്റേഴ്‌സ് നേരിടും. തുടര്‍ന്ന് സെപ്‌റ്റംബർ 29ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ ആദ്യ എവേ മത്സരം ആരംഭിക്കും. സീസണിന്‍റെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് മൊത്തം ഏഴ് ഹോം മത്സരങ്ങളും ഏഴ് എവേ മത്സരങ്ങളുമാണുള്ളത്.

ലീഗിലെ പല വമ്പന്‍മാരുമായും ബ്ലാസ്‌റ്റേഴ്‌സ് കൊമ്പുകോര്‍ക്കുന്നുണ്ട്. ബെംഗളൂരു എഫ്‌സി, ഹൈദരാബാദ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി തുടങ്ങിയ ശക്തരായ എതിരാളികളെ ബ്ലാസ്റ്റേഴ്‌സ് ഹോം മാച്ചിലും എവേ മാച്ചിലുമായി നേരിടും. കോച്ച് മൈക്കൽ സ്റ്റാഹെയുടെ കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ്‌ കളത്തിലിറങ്ങുന്നത്. ഐഎസ്എൽ പരിശീലകനായി ആദ്യമായാണ് മൈക്കൽ സ്റ്റാഹ്‌റേ രംഗ പ്രവേശം ചെയ്യുന്നത്.

കരാര്‍ പ്രകാരം 2026 വരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അമരത്ത് 48 കാരനായ സ്‌റ്റാഹ്‌റേ തുടരും. എഐകെയെ സ്വീഡിഷ് ഓൾസ്‌വെൻസ്‌കാൻ കിരീടത്തിലേക്ക് (ലീഗ് കിരീടം) നയിച്ചത് സ്റ്റാഹേയാണ്. സ്വെൻസ്‌ക കപ്പൻ (കപ്പ്) സൂപ്പര്‍കപ്പന്‍ തുടങ്ങിയ നേട്ടങ്ങളും സ്റ്റാഹ്റേയുടെ നേട്ടങ്ങളാണ്. ജോൺ വെസ്‌ട്രോമും ഫ്രെഡറിക്കോ പെരേര മൊറൈസും അസിസ്റ്റന്‍റ് കോച്ചുമാരായും എത്തും.

സീസണില്‍ നോറ ഫെർണാണ്ടസും സോം കുമാറുമാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗോൾകീപ്പർ മാര്‍. വിങ്ങർ ആർ ലതൻമാവിയ, ഡിഫൻഡർ ലിക്‌മബാം രാകേഷ്, ഫോർവേഡ് നോഹ സദൗയി എന്നിവരും ടീമിലുണ്ട്. കൂടാതെ, മിലോസ് ഡ്രിൻചിച്ചിനെപ്പോലുള്ള പ്രധാന കളിക്കാരുടെ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് നീട്ടിയിട്ടുണ്ട്.


Read Previous

ഗോൾ ഫോർ വയനാട്’; ദുരന്ത ബാധിതരെ ചേര്‍ത്ത് പിടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്‌, ഓരോ ഗോളിനും ഒരു ലക്ഷം രൂപ സംഭാവന

Read Next

സാഫ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ മലയാളി താരവും; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഇവരൊക്കെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »