
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മാറിവരുമ്പോള്‍ നികുതി നിര്‍ദേശങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്നും അതിന് പുറമെയാണ് ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദേശങ്ങള്‍ വെച്ചിട്ടുള്ളതെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ബജറ്റവതരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയെ തടയുക എന്നതാണ് പ്രധാനലക്ഷ്യം. രണ്ടാം തരംഗത്തിന്റെ ആഘാതം കുറ യ്ക്കുകയും മൂന്നാം തരംഗം പൂര്‍ണമായും ഒഴിവാക്കിയും മാത്രമേ സമ്പദ്ഘടന വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. എല്ലാത്തിനും ഉപരി ആരോഗ്യം എന്ന ഉറച്ച നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധി തരായിരിക്കുകയാണ്. ആരോഗ്യവും ഭക്ഷവും ഉറപ്പാക്കുക, തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന നയമെന്നും മന്ത്രി പറഞ്ഞു.
തോമസ് ഐസക് ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ ഒരു പ്രഖ്യാപനവും മാറ്റിയിട്ടില്ലെന്നും പുതിയ നികുതി നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യക്കിറ്റ് തുടര്‍ന്നും നല്‍കും. 400 കോടി രൂപയാണ് ഒരുമാസം ആ ഇനത്തില്‍ വരുന്ന ചെലവ്. എത്രനാള്‍കൂടി ഭക്ഷ്യക്കിറ്റ് നല്‍കണമെന്നത് പിന്നീട് ആലോചിക്കേണ്ട കാര്യമാണ്. തൊഴിലുറപ്പ് ദിനങ്ങള്‍ 12 കോടി യായി ഉയര്‍ത്തുന്നതിലൂടെ വരുമാനം ഉയര്‍ത്താനാകും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ഉറപ്പാക്കും. പ്രളയസാധ്യത, തീരദേശ സംരക്ഷണം എന്നിവക്ക് അടിയന്തരശ്രദ്ധ ആവശ്യമായതിനാല്‍ അവക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.