ടെക്സാസ്: അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ ഇതുവരെ കത്തിനശിച്ചത് 320,000 ദശലക്ഷത്തിലധികം ഏക്കര്‍. തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നാലു ദിവസം തുടര്‍ച്ചയായി പടര്‍ന്നുപിടിക്കുന്ന കാട്ടുതീ ഏറ്റവുമധികം ബാധിച്ചത് സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളെയായാണ്. പാന്‍ഹാന്‍ഡില്‍ എന്ന പ്രദേശത്താണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. ഒക്ലഹോമയിലേക്കും കാട്ടുതീ നീങ്ങിയിട്ടുണ്ട്.

നിരവധി ആളുകള്‍ സുരക്ഷിത സ്ഥാനങ്ങള്‍ തേടി പോയിട്ടുണ്ട്. അപകടാവസ്ഥ തുടരുന്നതിനാല്‍ അഗ്നിബാധയുണ്ടായ സ്ഥലങ്ങളുടെ സമീപ പ്രദേശത്തുള്ളവരോടും വീടുകള്‍ ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. 11 ദശലക്ഷം ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് 60 കൗണ്ടികളില്‍ ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ദുരന്തമേഖലയായി പ്രഖ്യാപിച്ചു. നിരവധി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള വൈദ്യുതി വിച്ഛേദിച്ചു. ഡസന്‍ കണക്കിന് കെട്ടിടങ്ങള്‍ അഗ്നയിലമര്‍ന്നു.
ഉണങ്ങിയ പുല്ലും ഉയര്‍ന്ന താപനിലയും ശക്തമായ കാറ്റുമാണ് തീ ആളിപ്പടരാന്‍ കാരണമായത്. അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തീപിടിത്ത മായാണ് അധികൃതര്‍ കണക്കാക്കുന്നത്. 2014ലെ തീപിടിത്തത്തില്‍ നൂറുകണക്കിന് വീടുകള്‍ നശിച്ച ഫ്രിച്ച് എന്ന ചെറുപട്ടണത്തിന് വീണ്ടും കനത്ത നാശനഷ്ടമുണ്ടായി. 2,200 ജനസംഖ്യയുള്ള പട്ടണത്തിലെ 40-50 വീടുകള്‍ കത്തിനശിച്ചതായി മേയര്‍ ടോം റേ പറഞ്ഞു.
കാട്ടുതീ ഭീഷണിയിലുള്ള ചില ആശുപത്രികളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് അധികൃതര്‍ സുരക്ഷിതമായ മറ്റൊരിടം ഒരുക്കിയിട്ടുണ്ട്. കൂടാതെ, വീട് നഷ്ടപ്പെട്ടവരുള്‍പ്പെടെ 200-ലധികം ആളുകള്‍ ഫ്രിച്ചിലെ ഒരു പള്ളിയില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. തങ്ങളുടെ കന്നുകാലികളെ ഉള്‍പ്പെടെ ഉപേക്ഷിച്ച് പലര്‍ക്കും പോകേണ്ടി വന്നിട്ടുണ്ട്. ഇവയില്‍ എത്രണ്ണം ജീവിച്ചിരിപ്പുണ്ടെന്ന് ഉടമസ്ഥര്‍ക്ക് ഇനിയും അറിയില്ല.
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ ഹച്ചിന്‍സണ്‍ കൗണ്ടിയില്‍, തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 83 കാരിയായ ജോയ്സ് ബ്ലാങ്കന്‍ഷിപ്പിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 94 അഗ്‌നിശമന സേനാംഗങ്ങള്‍, 33 ഫയര്‍ എന്‍ജിനുകള്‍, ആറ് എയര്‍ ടാങ്കറുകള്‍ എന്നിവയുള്‍പ്പെടെ തീ അണയ്ക്കാന്‍ വിപുലമായ സന്നാഹങ്ങളാണ് ഗവര്‍ണര്‍ അബോട്ടിന്റെ നിര്‍ദേശ പ്രകാരം വിന്യസിച്ചിരിക്കുന്നത്.