
തൃശ്ശൂര്‍: പാലങ്ങളുടെയും മേല്‍പ്പാതകളുടെയും നിര്‍മാണത്തില്‍ അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് കേരളവും. അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് (യു.എച്ച്.പി.എഫ്.ആര്‍.സി.) എന്ന സാങ്കേതികവിദ്യയാണ് നിര്‍മാണരംഗത്ത് മാറ്റങ്ങള്‍ക്കു വഴിതുറക്കുന്നത്.
ഭാരതപ്പുഴയ്ക്കു കുറുകെ മലപ്പുറം തിരുനാവായയില്‍ പണിയുന്ന പാലമാവും ഇവയില്‍ ആദ്യത്തേത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സി. മലേഷ്യ സന്ദര്‍ശിച്ച് പഠനം നടത്തിയ ശേഷമാണ് ഊരാളുങ്കല്‍ പദ്ധതി തയ്യാറാക്കിയത്.
സ്റ്റീല്‍ കമ്പിക്കുപകരം സ്റ്റീല്‍ ഫൈബറുകള്‍ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനമാറ്റം. പൂഴിയോ പാറപ്പൊടിയോ ആവശ്യമില്ല. പകരം മൈക്രോ സിലിക്കയും ഫ്‌ലൈ ആഷുമാണ് ഉപയോഗിക്കുക. കൂടുതല്‍ ഈടുറ്റതും ബലമുള്ളതുമായ കോണ്‍ക്രീറ്റ് സാധ്യമാവുന്നത് ഇക്കാരണത്താലാണ്.
ലോകത്താകെ മുന്നൂറോളം പാലങ്ങളും മേല്‍പ്പാലങ്ങളും ഈ മാതൃകയില്‍ പണിതിട്ടുണ്ട്. 2021-ല്‍ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഉദ്ഘാടനം ചെയ്ത 112 മീറ്റര്‍ പാലമാണ് രാജ്യത്ത് ആദ്യമായി ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പണിതത്.
അതേസമയം, പുതിയ സാങ്കേതിക വിദ്യ വരുത്തുന്ന മാറ്റം വിലയിരുത്തി കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് പണികളില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഒട്ടേറെ നിര്‍മാണരീതികള്‍ പരീക്ഷിക്കുന്നുണ്ട്. ഈ നിര്‍മാണരീതി വിലയിരുത്തി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും – മന്ത്രി പറഞ്ഞു.
നേട്ടങ്ങള്‍:
*സാധാരണ കോണ്‍ക്രീറ്റിനെക്കാള്‍ നാലുമടങ്ങ് ബലം
*100 മടങ്ങ് ഈടുനില്‍പ്പ്
*നിര്‍മാണച്ചെലവില്‍ 15 മുതല്‍ 25 ശതമാനംവരെ കുറവ്
*നിര്‍മാണകാലാവധി കുറവ്
*തുരുമ്പിക്കല്‍, പൊട്ടല്‍ തുടങ്ങിയവ കുറവായതിനാല്‍ അറ്റകുറ്റപ്പണികള്‍ കുറവ്
*30-35 ശതമാനം ഭാരക്കുറവ്
* കൂടുതല്‍ പ്രകൃതിസൗഹൃദം