മണ്ണെണ്ണ വിതരണം ഇനിമുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻകടകൾ വഴി മാത്രം


തിരുവനന്തപുരം: സബ്‌സിഡി മണ്ണെണ്ണ സംസ്ഥാനത്തെ റേഷൻ കടകളിൽ നേരിട്ട് എത്തിയ്ക്കുന്ന രീതി ഒഴിവാക്കാനൊരുങ്ങി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകൾ വഴി മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് നീക്കം. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് അടിയന്തരമായി പഠിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ കാര്യാലയത്തിൽ നിന്നും താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് നിർദേശം നൽകി. എന്നാൽ നിർദേശത്തിനെതിരേ റേഷൻ വ്യാപാരി സംഘടനകൾ രംഗത്ത് വന്നു.

നിലവിൽ മൊത്ത വ്യാപാരികൾ താലൂക്ക് തല ഗോഡൗണുകളിൽ നിന്നും ഓരോ റേഷൻ കടകളിലും മണ്ണെണ്ണ എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതു കാരണം മുൻഗണനാ കാർഡുടമകൾക്ക് മാത്രം മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയാണ് ഇപ്പോൾ ലഭിക്കുന്നത്. ലഭ്യതയിൽ കുറവ് വന്നതുകാരണം ഓരോ കടയിലും മണ്ണെണ്ണ എത്തിക്കുന്നത് നഷ്ടമായതിനാൽ മൊത്തവ്യാപാരികൾ ഇതിന് തയ്യാറാകുന്നില്ലായെന്നും ഇതാണ് തീരുമാനത്തിന് കാരണമെന്നുമാണ് സർക്കാർ തലത്തിലെ വിശദീകരണം.

ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകൾ വഴി മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.). കാർഡുടമകൾ മണ്ണെണ്ണ വാങ്ങുന്ന കടയിൽനിന്ന് തന്നെ മുഴുവൻ സാധനങ്ങളും വാങ്ങുകയും, ഇത് കാരണം മറ്റ് കടകൾ പൂട്ടിപ്പോകുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും.

പഞ്ചായത്തുകളിലെ ഒരു നിശ്ചിത കേന്ദ്രത്തിൽ മൊത്ത വിതരണക്കാർ മണ്ണെണ്ണ എത്തിച്ചാൽ അവിടെ നിന്നും കൈപ്പറ്റാൻ വ്യാപാരികൾ തയ്യാറാണ്. റേഷൻ സംഘടനാ പ്രതിനിധികളോട് ആലോചിക്കാതെയുള്ള ഇത്തരം തീരുമാനങ്ങൾ പ്രതിഷേധാർഹമാണെന്നും, പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു.


Read Previous

കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനമില്ലെങ്കില്‍ ട്രിപ്പ് റദ്ദാക്കും; കെ.എസ്.ആര്‍.ടി.സി.

Read Next

നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് 19 കുട്ടികള്‍ പുറത്തുചാടി, വീട്ടിൽ പോവണമെന്ന് കുട്ടികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »