തട്ടിക്കൊണ്ടുപോകല്‍ കേസ്; പിടിയിലായ അനുപമ 5ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് താരം


കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പി.അനുപമ (20) യൂട്യൂബ് താരം. പിടിയിലായ കേസിൽ മുഖ്യ കണ്ണി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാറിന്റെ (52) മകളാണ് അനുപമ. പത്മകുമാറിന്റെ ഭാര്യ എം.ആർ.അനിതകുമാരിയെയും (45) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

‘അനുപമ പത്മൻ’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വിഡിയോകളുടെ റിയാക്‌ഷൻ വിഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. ഇതുവരെ 381 വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമാസം മുൻപാണ് അവസാന വിഡിയോ. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം.

തട്ടിക്കൊണ്ടുപോയ കുട്ടിയെ പാർപ്പിച്ചെന്ന് കരുതുന്ന ചിറക്കര പോളച്ചിറ തെങ്ങുവിളയിലുള്ള ഫാംഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വിഡിയോയും ഉണ്ട്. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായ്ക്കളെ ഇഷ്‌ടപ്പെടുന്നയാളായ അനുപമ, നായകളെ ദത്തെടുക്കുന്ന പതിവുമുണ്ട്. എണ്ണം കൂടിയതിനാൽ നായകൾക്കായി ഷെൽട്ടര്‍ ഹോം തുടങ്ങാൻ ആ​ഗ്രഹിച്ചു. അതിനു സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.

തട്ടികൊണ്ടുപോകൽ കേസിൽ പൊലീസ് അന്വേഷിക്കുന്നതിനിടെ കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ പുളിയറയിൽനിന്നാണ് അനുപമ ഉൾപ്പെടെയുള്ളവർ കൊല്ലം പൊലീസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. അടൂർ കെഎപി ക്യാംപിലേക്കു മാറ്റിയ മൂന്നു പേരെയും എഡിജിപി എം.ആർ.അജിത്കുമാർ, ഡിഐജി ആർ.നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. അനുപമയ്ക്കു നഴ്സിങ് പ്രവേശനത്തിനു നൽകിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്നെന്നാണ് പത്മകുമാർ ആദ്യ നൽകിയ മൊഴി. എന്നാൽ പിന്നീട് ഇതു മാറ്റി പറഞ്ഞതായാണ് വിവരം.


Read Previous

പത്മകുമാറിന് രണ്ട് കാര്‍ ഉണ്ടെന്ന് ഓട്ടോറിക്ഷക്കാരന്‍ മൊഴി നല്‍കി; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയത് ഓട്ടോഡ്രൈവര്‍

Read Next

തട്ടിക്കൊണ്ടുപോകൽ; ‘പത്മകുമാറിന്‍റെ വലിയ കടബാധ്യത തീര്‍ക്കാനുള്ള പണം കണ്ടെത്താൻ?, അറസ്റ്റ് രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »