
കൊല്ലം: ആറുവയസ്സുകാരിയെ ഓയൂരിൽനിന്നു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ പിടികൂടുന്നതിന് പോലീസിനു നിർണായകവിവരം നൽകിയത് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വനിത. കുട്ടിയെ തട്ടിയെടുത്തശേഷം പത്തുലക്ഷം രൂപ ആവശ്യപ്പെട്ടുള്ള ഫോൺ സംഭാഷണമാണ് പ്രതിയെപ്പറ്റി ഇവർക്ക് സംശയമുണർത്തിയത്. ഈ ശബ്ദവും തന്റെ കൈവശമുള്ള മറ്റൊരു ഓഡിയോ ക്ലിപ്പും ഇവർ കണ്ണനല്ലൂരിലുള്ള പൊതുപ്രവർത്തകനായ സമദിന് കൈമാറി. ഇരുപതിനായിരം രൂപ ഒരു സ്ത്രീ ഒരാളോട് വ്യക്തിപരമായി കടം ചോദിക്കുന്നതാണ് രണ്ടാമത്തെ ഓഡിയോ. സമദ് ഈ ഓഡിയോ ക്ലിപ്പുകൾ നേരത്തേ കണ്ണനല്ലൂർ ഇൻസ്പെക്ടറായിരുന്ന യു.പി.വിപിൻകുമാറിന് അയച്ചുകൊടുത്തു.
രണ്ടാമത്തെ ദിവസം പുറത്തുവന്ന രേഖാചിത്രവുമായി ഇതിന് സാമ്യമുണ്ടായിരുന്നു. പ്രത്യേകിച്ച് മൂക്കിന്റെ നീളം. പ്രതികൾ കുട്ടിയെ വിട്ടയച്ചശേഷം കുട്ടിയുടെ സഹായത്തോടെ തയ്യാറാക്കിയ മൂന്നു പ്രതികളുടെ രേഖാചിത്രങ്ങൾ പുറത്തു വന്നയുടൻ ഇതേ വനിത പദ്‌മകുമാറിന്റെയും ഭാര്യ അനിതയുടെയും മകൾ അനുപമയുടെയും ചിത്രങ്ങൾ സമദ് മുഖേന അയച്ചുകൊടുത്തു. ചാത്തന്നൂരിലെ ഇവരുടെ വീടിനെ സംബന്ധിച്ച വിവരങ്ങളും സമദ് കൈമാറി. തുടർന്ന് വിപിൻകുമാർ കൊല്ലത്തെ ഷാഡോ പോലീസിന് വിവരം കൈമാറി.
പോലീസെത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. അന്വേഷിക്കുന്ന തരത്തിലെ കാർ മറ്റൊരു നമ്പർ പ്ലേറ്റോടുകൂടി അവിടെയുണ്ടായിരുന്നു. പദ്‌മകുമാറിന്റെ ഫോൺ നമ്പർ ലഭ്യമാക്കി. പോലീസ് പരിശോധിച്ചപ്പോൾ ലൊക്കേഷൻ തമിഴ്നാടാണെന്നു കണ്ടു. പിന്നെ ദ്രുതഗതിയിലുള്ള നീക്കത്തിൽ ഷാഡോ പോലീസ് പദ്‌മകുമാറിനെയും കുടുംബത്തെയും വലയിലാക്കുകയായിരുന്നു. അന്വേഷണത്തിന്റെ പുരോഗതി ആരാഞ്ഞുകൊണ്ടിരുന്ന വനിത തന്റെ ശ്രമം ഫലം കണ്ടിട്ടും അജ്ഞാതയായി തുടരാനാണ് താത്‌പര്യപ്പെടുന്നത്.
നേരത്തേ കൊല്ലം സിറ്റി ഷാഡോ പോലീസിൽ വിപിൻകുമാർ ജോലിചെയ്തിരുന്നു. ആറുവയസ്സുകാരിയുടെ നിരീക്ഷണപാടവവും അസാധാരണമാണെന്നാണ് പോലീസിന്റെ അഭിപ്രായം. അനുപമയുടെ വട്ടക്കണ്ണട, അനുപമയെ വീട്ടിൽ മാതാപിതാക്കൾ ‘ഇക്രു’ എന്നു വിളിക്കുന്നത്, നായയെ വീട്ടിനുള്ളിൽ വളർത്തുന്നത് തുടങ്ങിയ പല കാര്യങ്ങളും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.