ഏഴ് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ മണ്ണില്‍ കിവീസിന് ആദ്യ ടെസ്റ്റ് പരമ്പര വിജയം; 2012 ന് ശേഷം സ്വന്തം നാട്ടില്‍ പരമ്പര തോറ്റ് ഇന്ത്യ


പൂനെ: രണ്ടാം ടെസ്റ്റിലും ന്യൂസീലന്‍ഡിന് മുന്നില്‍ മുട്ടു മടക്കിയതോടെ ഇന്ത്യയ്ക്ക് പരമ്പര തോല്‍വി. 113 റണ്‍സിനാണ് പൂനെ ടെസ്റ്റില്‍ ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിങ്സി ല്‍ കിവീസ് ഉയര്‍ത്തിയ 359 റണ്‍സ് വിജയം ലക്ഷമിട്ട ഇന്ത്യ 245 റണ്‍സിന് പുറത്തായി.

ഒന്നാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ രണ്ടാം ഇന്നിങ്സിലും ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്നറാണ് ഇന്ത്യയെ തകര്‍ത്തത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ 10 വിക്കറ്റ് നേട്ടമാണിത്. കിവീസിന് മുന്നില്‍ സ്പിന്‍ കെണിയൊരു ക്കിയ ഇന്ത്യയ്ക്ക്, സാന്റ്നറുടെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

1955-56 മുതല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. ഇതുവരെ കളിച്ച 13 ടെസ്റ്റ് പരമ്പരകളില്‍ 10 ലും ഇന്ത്യയ്ക്കായിരുന്നു ജയം. രണ്ട് പരമ്പരകള്‍ സമനിലയിലായപ്പോള്‍ ഇത്തവണ കിവീസ് ജയം സ്വന്തമാക്കി.

2012 ന് ശേഷം സ്വന്തം നാട്ടില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര തോല്‍വിയാണിത്. 2012 ല്‍ ഇംഗ്ലണ്ടിനോടായിരുന്നു നാട്ടില്‍ ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പര തോല്‍വി. അര്‍ധ സെഞ്ചുറി നേടി അല്‍പമെങ്കിലും പൊരുതിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ജയ്സ്വാള്‍ 65 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്സുമടക്കം 77 റണ്‍സെടുത്ത് പുറത്തായി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (8) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. വിരാട് കോലി (17), ശുഭ്മാന്‍ ഗില്‍ (23), സര്‍ഫറാസ് ഖാന്‍ (9) എന്നിവരും സാന്റ്നറിനു മുന്നില്‍ തന്നെ വീണു. ഋഷഭ് പന്ത് (0) റണ്ണൗട്ടായി. 84 പന്തില്‍ 42 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ പോരാട്ടവും അവസാനിച്ചതോടെ ഇന്ത്യയുടെ പതനം പൂര്‍ത്തിയായി.

നേരത്തേ 103 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി വീണ്ടും ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡ്, രണ്ടാം ഇന്നിങ്സില്‍ 255 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അഞ്ചിന് 198 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിന് 57 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച അഞ്ച് വിക്കറ്റുകളും നഷ്ടമായി. 86 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടോം ലാഥമായിരുന്നു രണ്ടാം ഇന്നിങ്സില്‍ കിവീസിന്റെ ടോപ് സ്‌കോറര്‍. ടോം ബ്ലന്‍ഡെല്‍ (41), ഗ്ലെന്‍ ഫിലിപ്സ് (48) എന്നിവരും മികച്ച പ്രകടനം നടത്തി.


Read Previous

രത്തൻ ടാറ്റയുടെ 10,000 കോടിയുടെ സ്വത്തില്‍ ഒരു പങ്ക്, പ്രിയപ്പെട്ട നായ ടിറ്റോയ്ക്ക്; ശന്തനുവിനും കരുതൽ

Read Next

‘ജമാ അത്തെ ഇസ്ലാമി ആര്‍എസ്എസിന്റെ മുസ്ലീം പതിപ്പ്; ഇസ്ലാമിക സാമ്രാജ്യം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം’: മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »